പുഷ്പനെ അപമാനിച്ചെന്ന് ആരോപണം: കുഴൽനാടന്റെ ഓഫിസിനു മുന്നിൽ ‘രക്തസാക്ഷികൾ സിന്ദാബാദ്’ ബാനർ വച്ച് ഡിവൈഎഫ്ഐ
Mail This Article
മൂവാറ്റുപുഴ∙ മാത്യു കുഴൽനാടന്റെ മൂവാറ്റുപുഴയിലെ എംഎൽഎ ഓഫിസിനു മുന്നിലെ ബോർഡ് മറച്ച് രക്തസാക്ഷികൾ സിന്ദാബാദ് എന്ന ബാനർ ഉയർത്തി ഡിവൈഎഫ്ഐയുടെ മുന്നറിയിപ്പ്. അന്തരിച്ച കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎ അപമാനിച്ചു എന്നാരോപിച്ചു ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി എംഎൽഎ ഓഫിസ് മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു മുന്നോടിയായാണു ഡിവൈഎഫ്ഐ പ്രവർത്തകർ മൂവാറ്റുപുഴ അരമനപ്പടിയിലുള്ള എംഎൽഎ ഓഫിസിന്റെ ബോർഡ് മറച്ച് ‘രക്തസാക്ഷികൾ സിന്ദാബാദ്’ എന്നെഴുതിയ ബാനർ ഉയർത്തിയത്.
എംഎൽഎ ഓഫിസിൽ ഉയർത്തിയിരിക്കുന്ന ബാനർ എംഎൽഎ മനസ്സിരുത്തി വായിക്കണമെന്നും ഇതു എംഎൽഎക്കുള്ള മുന്നറിയിപ്പാണെന്നും എംഎൽഎ ഓഫിസ് മാർച്ചിൽ പങ്കെടുത്ത നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു. ഇനിയും രക്തസാക്ഷികളെ അപമാനിച്ചാൽ റോഡിൽ ഡിവൈഎഫ്ഐ പ്രവർത്തകർ എംഎൽഎയെ കൈകാര്യം ചെയ്യുമെന്നാണു ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ കെ. മൂസ മാർച്ചിലെ പ്രസംഗത്തിനിടെ മുന്നറിയിപ്പു നൽകിയത്.
എംഎൽഎ ഓഫിസിലേക്കു നടത്തിയ മാർച്ച് ഓഫിസിനു സമീപം എംസി റോഡിൽ ബാരിക്കേഡുകൾ ഉയർത്തി പൊലീസ് തടഞ്ഞതിനു ശേഷം നടന്ന പ്രതിഷേധ യോഗത്തിലാണു ഡിവൈഎഫ്ഐ നേതാക്കളുടെ പോർവിളി ഉയർന്നത്.