കോഴക്കേസ്: കെ.സുരേന്ദ്രനെയടക്കം കുറ്റവിമുക്തരാക്കിയതിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് സർക്കാർ
Mail This Article
തിരുവനന്തപുരം∙ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കോടതി നടപടിക്കെതിരെ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് സർക്കാർ. മുഖ്യമന്ത്രി നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ വാദിയായ സർക്കാർ ആവശ്യമായ വാദമുഖങ്ങൾ കോടതിയിൽ ഉന്നയിച്ചില്ലെന്നും കൊടകര കുഴൽപ്പണക്കേസിലും സുരേന്ദ്രനെ രക്ഷിച്ചതു സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചിരുന്നു.
2021ലെ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിലാണ് ഒന്നാംപ്രതി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്. കേസ് രാഷ്ട്രീയ ലക്ഷ്യം വച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സുരേന്ദ്രനും ബിജെപിയുടെ നേതാക്കളായ മറ്റു 5 പ്രതികളും നൽകിയ വിടുതൽ ഹർജി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചു. എൽഡിഎഫ് സ്ഥാനാർഥി വി.വി.രമേശനായിരുന്നു പരാതിക്കാരൻ. എൽഡിഎഫ് സ്ഥാനാർഥി നൽകിയ പരാതിയിൽ എടുത്ത കേസ് രാഷ്ട്രീയലക്ഷ്യംവച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് 2023 സെപ്റ്റംബറിൽ നൽകിയ വിടുതൽ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.
ബിഎസ്പി സ്ഥാനാർഥി കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കുകയും കോഴയായി 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും നൽകുകയും ചെയ്തുവെന്നാണ് കേസ്. ബിജെപി സംസ്ഥാന സമിതി അംഗം വി.ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ. മണികണ്ഠ റായ്, വൈ.സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികൾ.