ADVERTISEMENT

കൊച്ചി∙ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ അധ്യാപക ദമ്പതികളുടെയും മക്കളുടെയും സംസ്കാരം ഇന്ന് നടക്കും. ഇന്നലെയാണ് ചോറ്റാനിക്കര മാമല കക്കാട് പടിഞ്ഞാറേവാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (36), മക്കളായ ആദി (12), ആദ്യ (8) എന്നിവരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി വിട്ടുനൽകണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഇതു സാധ്യമായേക്കില്ല. കളമശേരി മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ വൈകിട്ട് 5ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

കണ്ടനാട് സെന്റ് മേരീസ് സ്കൂളിലെ സംസ്കൃത അധ്യാപകനായിരുന്നു രഞ്ജിത്. രശ്മി പൂത്തോട്ട എസ്എൻഡിപി സ്കൂളിലും അധ്യാപികയായിരുന്നു. രണ്ടു മക്കളും ഇവിടെയാണ് പഠിച്ചിരുന്നതും. അധ്യാപക ദമ്പതികൾ ഡൈനിങ് മുറിയിൽ തൂങ്ങി മരിച്ചനിലയിലും മക്കളുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. മുറിയിൽനിന്നു കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ സാമ്പത്തിക ബുദ്ധിമുട്ടുകളാണു കാരണമായി പറഞ്ഞിരുന്നത്. അതോടൊപ്പമാണു മൃതദേഹം പഠനാവശ്യത്തിനു വിട്ടുനൽകണമെന്നു പറഞ്ഞിരുന്നതും. എന്നാൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യേണ്ടതുള്ളതു കൊണ്ടും മറ്റു കടമ്പകള്‍ ഉള്ളതുകൊണ്ടും ബന്ധുക്കളുടെ കൂടി അഭിപ്രായപ്രകാരം സംസ്കരിക്കാമെന്നു തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കുടുംബത്തിന് ഉണ്ടായിരുന്നതായി സുഹൃത്തുക്കളും സഹപ്രവർത്തകരും പറയുന്നുണ്ട്. ഏറെ നാളായി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതിന്റെ സൂചന എന്നോണം വീടും പരിസരവുമെല്ലാം ആരും നോക്കാനില്ലാത്തതു പോലെയുള്ള അവസ്ഥയിലായിരുന്നു. ചെറിയ തുക പോലും സഹപ്രവർത്തകരിൽനിന്നു കടം വാങ്ങിയിരുന്നതായും പറയപ്പെടുന്നുണ്ട്. വീട് നിർമിച്ചു നൽകിയെങ്കിലും അതിന്റെ പണം തിരികെ കിട്ടുന്നതിൽ കാലതാമസം വന്നു തുടങ്ങിയ കാര്യങ്ങളും പറയപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 3 ബാങ്കുകളിൽ കടമുണ്ടായിരുന്നു. അയൽക്കാരുമായി കാര്യമായ അടുപ്പം പുലർത്താതിരുന്നതിനാൽ അധികമാർക്കും ബുദ്ധിമുട്ടുകൾ‍ അറിയാമായിരുന്നില്ല.

നല്ല നിലയിൽ കഴിഞ്ഞിരുന്ന കുടുംബം ആത്മഹത്യയിലേക്ക് പോകേണ്ട വിധത്തിൽ എങ്ങനെയെത്തി എന്നതാണു നാട്ടുകാരെയും അമ്പരപ്പിക്കുന്നത്. 12 വർഷം മുൻപാണ് മാമലയിലെ ഈ വീട്ടിലേക്ക് ഇവർ മാറിയത്. രഞ്ജിത്തിന്റെ പിതാവ് പരേതനായ അപ്പു വാരിയർ‌ എഫ്സിഐ ജീവനക്കാരനും അമ്മ രമാദേവി തോട്ടറ സംസ്കൃത സ്കൂളിലെ അധ്യാപികയുമായിരുന്നു. ഇത്രയും മെച്ചപ്പെട്ട സാഹചര്യത്തിനു പുറമെ രഞ്ജിത്തിനും രശ്മിക്കും ജോലിയുമുണ്ടായിരുന്നു. എന്നിട്ടും ജീവനൊടുക്കേണ്ട അവസ്ഥയിലേക്ക് എങ്ങനെ എത്തപ്പെട്ടു എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. ഇക്കാര്യത്തിൽ അന്വേഷണം നടന്നുവരികയാണ് എന്നാണ് പൊലീസ് വിശദീകരണം.

English Summary:

Chottanikkara Family Death: Deadbodied will not handover to medical college

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com