ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രകോപന മുദ്രാവാക്യം; ഒടുവിൽ കേസെടുത്ത് പൊലീസ്
Mail This Article
നാദാപുരം∙ പ്രകോപന മുദ്രാവാക്യത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ഒടുവിൽ കേസെടുത്ത് പൊലീസ്. കോൺഗ്രസ് നേതാവ് കണ്ടിയിൽ നിജീഷ് കുമാറിന്റെ പരാതിയിൽ എടച്ചേരി പൊലീസാണ് കേസെടുത്തത്. കൂത്തുപറമ്പ് സമരത്തിൽ വെടിയേറ്റു കിടപ്പിലായ പുഷ്പൻ മരിച്ച ദിവസം, അദ്ദേഹത്തെ നിജീഷ് അപമാനിച്ചു എന്നാരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്.
കഴിഞ്ഞ മാസം 29ന് രാത്രിക്കാണ് നിജീഷിന്റെ വീടിനു സമീപത്തേക്ക് മാർച്ച് നടത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകരായ എൻ.കെ.മിഥുൻ, ഇ.എം.കിരൺലാൽ, കോയിലോത്ത് മിഥുൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളം പേർക്കെതിരെയാണ് കേസ്. വീട്ടിൽ കയറി തലയും കയ്യും കാലും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം. ‘പുഷ്പനെ വിറ്റുതിന്ന കമ്മ്യൂണിസ്റ്റുകാരോട്’ എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിൽ വന്ന കുറിപ്പാണ് നിജീഷ് പങ്കുവച്ചത്.
സ്വാശ്രയ കോളജിനെതിരെ ഡിവൈഎഫ്ഐ നടത്തിയ സമരം തട്ടിപ്പാണെന്നും പുഷ്പനെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും പോസ്റ്റിൽ ആരോപിച്ചിരുന്നു. ഇതോടെയാണ് ഡിവൈഎഫ്ഐ കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയത്. പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയാറാകുന്നില്ലെന്നും ആരോപണം ഉയർന്നു.