ADVERTISEMENT

കണ്ണൂർ∙ അ‍‍ഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് (എഡിഎം) നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ  തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. നവീനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരിൽനിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.

ഇന്നലെ വൈകിട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചെങ്ങളായിൽ പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം നൽകുന്നത് മാസങ്ങൾ വൈകിച്ചുവെന്നും അവസാനം എങ്ങനെ കൊടുത്തുവെന്ന് അറിയാമെന്നുമാണു ദിവ്യ പറഞ്ഞത്. രണ്ടു ദിവസത്തിനകം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പറഞ്ഞാണ് ദിവ്യ ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയത്.

  കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ ക്വാർട്ടേഴ്‌സിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്‌ കുമാർ ഉൾപ്പെടെ എത്തിയപ്പോൾ. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ ക്വാർട്ടേഴ്‌സിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്‌ കുമാർ ഉൾപ്പെടെ എത്തിയപ്പോൾ. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നിട്ടും അവിടേക്ക് നാടകീയമായി കടന്നുവന്നാണ് അവർ ജില്ലാ കലക്ടറുൾപ്പെടെ ഉണ്ടായിരുന്ന വേദിയിൽവച്ച് നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഉപഹാരം നൽകുന്ന സമയത്ത് തന്റെ സാന്നിധ്യം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു എന്നു പറഞ്ഞ് വേദി വിടുകയും ചെയ്തു.

  കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ ക്വാർട്ടേഴ്‌സിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ ക്വാർട്ടേഴ്‌സിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

യാത്രയയപ്പ് യോഗത്തിനുശേഷം ഔദ്യോഗിക വാഹനത്തിൽ താമസസ്ഥലത്തേക്ക് തിരിച്ച എഡിഎം വഴിയിൽ വണ്ടിനിർത്താൻ ആവശ്യപ്പെട്ട്, ഇറങ്ങിയെന്നാണ് ഡ്രൈവർ പറഞ്ഞത്. ഇന്നു പുലർച്ചെ പത്തനംതിട്ടയിൽ എത്തേണ്ട നവീൻ ബാബുവിനെ കാത്ത് ബന്ധുക്കൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ട്രെയിൻ എത്തിയിട്ടും നവീൻ ബാബു ഇറങ്ങാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നവീന്റെ ഭാര്യ മഞ്ജുഷ കോന്നി തഹസിൽദാരാണ്. രണ്ടു പെൺമക്കളും വിദ്യാർഥികളാണ്. ഇടതു സഹയാത്രികനാണ്  നവീൻ ബാബു. എൻജിഒ അസോസിയേഷൻ അംഗമായിരുന്നു. ഭാര്യ മഞ്ജുഷയും അസോസിയേഷന്റെ മുൻ ഭാരവാഹിയാണ്. നവീന്റെയും മഞ്ജുഷയുടെയും കുടുംബങ്ങൾ സിപിഎം അനുഭാവികളാണ്. നവീന്റെ അമ്മ 1979ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചിരുന്നു. മാതാപിതാക്കൾ രണ്ടുപേരും അധ്യാപകരായിരുന്നു.

English Summary:

Kannur ADM Naveen Babu Found Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com