‘ആ എൻഒസി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം’: ക്ഷണിക്കാതെ വന്ന് ദിവ്യയുടെ കുത്തുവാക്ക്– വിഡിയോ
Mail This Article
കണ്ണൂർ∙ ജില്ലയിൽനിന്നു സ്ഥലംമാറി പോകുന്ന എഡിഎം നവീൻ ബാബുവിനെ യാത്രയാക്കുന്ന ചടങ്ങിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അദ്ദേഹത്തിനെതിരെ കുത്തുവാക്കുകൾ പറഞ്ഞത്. പ്രസിഡന്റിനെ ചിരിയോടെ സ്വീകരിച്ച എഡിഎം, പ്രസംഗം കേട്ടതോടെ നിശബ്ദനായി. എഡിഎമ്മിന്റെ ചെയ്തികൾ ശരിയായ രീതിയിലല്ലെന്ന ധ്വനിയാണ് ദിവ്യയുടെ പ്രസംഗത്തിലുണ്ടായിരുന്നത്. എഡിഎമ്മിനെ സംശയമുനയിലാക്കി യാത്രയയപ്പു സമ്മേളനത്തിൽനിന്ന് ദിവ്യ ഇറങ്ങിപ്പോയി.
ഇറങ്ങിപ്പോകുന്നതിന്റെ കാരണം രണ്ടു ദിവസത്തിനകം വ്യക്തമാക്കുമെന്നും ദിവ്യ പറഞ്ഞു. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചിരുന്നില്ല. സ്ഥലംമാറി പോകുന്ന എഡിഎമ്മിന് സ്നേഹോപകാരം നൽകുന്ന ചടങ്ങിൽ അതിനുനിൽക്കാതെ ഇതു പറയാൻ വന്നതാണെന്നു പറഞ്ഞ് അവർ ഇറങ്ങിപ്പോവുകയായിരുന്നു. അഴിമതി ആരോപണത്തിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നാണ് വിവരം. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീടു മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ നീരസമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്നു വിമർശനമുണ്ട്.
ചെങ്ങളായിയിലെ പെട്രോൾ പമ്പിന്റെ എൻഒസി വൈകിയതാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. സ്ഥലംമാറ്റ ഉത്തരവ് വന്നശേഷം രണ്ടുദിവസം മുൻപ് അനുമതി നൽകിയെന്നും അത് എങ്ങനെയാണെന്നു തനിക്ക് അറിയാമെന്നും ഇതേക്കുറിച്ചുള്ള വിവരങ്ങൾ രണ്ടുദിവസത്തിനുള്ളിൽ പുറത്തുവിടുമെന്നും അവർ പറഞ്ഞു. കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു ദിവ്യയുടെ പ്രസംഗം.
പി.പി.ദിവ്യയുടെ പ്രസംഗത്തിന്റെ പൂർണരൂപം:
‘‘എഡിഎമ്മിന് എല്ലാ ആശംസയും നേരുന്നു. അദ്ദേഹം ഇവിടെനിന്ന് പോകുകയാണ്. പഴയ എഡിഎം ഉണ്ടായിരുന്നപ്പോൾ നിരന്തരം ആശയവിനിമയത്തിന്റെ സാഹചര്യം ഉണ്ടായിരുന്നു. ഇദ്ദേഹം വന്നപ്പോൾ അങ്ങനെയൊരു സാഹചര്യം വന്നിട്ടില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ല. ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ആ ഒരു തവണ വിളിച്ചത് ചെങ്ങളായിയിലെ ഒരു പെട്രോൾ പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ടാണ്. നിങ്ങൾ ആ സൈറ്റ് ഒന്നു പോയി നോക്കണം.
ഞാൻ ഒരു പ്രാവശ്യം വിളിച്ചു, രണ്ടു പ്രാവശ്യം വിളിച്ചു. അപ്പോൾ ഒരു ദിവസം പോയി ഞാൻ സൈറ്റ് നോക്കിയിട്ടുണ്ടെന്നു പറഞ്ഞു. ആ പെട്രോൾ പമ്പിന്റെ സംരംഭകൻ എന്റെ മുറിയിലേക്ക് പലതവണ വന്നു. തീരുമാനം ഒന്നും ആയിട്ടില്ലല്ലോ പ്രസിഡന്റേ എന്നു പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു തീരുമാനം ആകും എന്ന്. വീണ്ടും വീണ്ടും സംരംഭകൻ എന്റെ അടുക്കൽ വന്നു. ഞാൻ എഡിഎമ്മിനോട് ചോദിച്ചു, ഇതെന്തെങ്കിലും നടക്കുമോ? അപ്പോൾ അദ്ദേഹം പറഞ്ഞു, അതിൽ ചെറിയ പ്രശ്നമുണ്ട്, എൻഒസി കൊടുക്കാൻ പ്രയാസമുണ്ട് എന്ന്.
ഈ സംരംഭകൻ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ പറഞ്ഞു, നിങ്ങൾ ഇങ്ങനെ ഇടയ്ക്കിടെ എന്നെ വന്നു കാണേണ്ട ആവശ്യമില്ല. ഞാനിത് ഒന്നോ രണ്ടോ തവണ എഡിഎമ്മിനോട് പറഞ്ഞു കഴിഞ്ഞു. നിങ്ങളെ സഹായിക്കണമെന്ന്. ഒരു തടസ്സവുമില്ലെങ്കിൽ ഒരു സെക്കൻഡിനകം സഹായിക്കുന്നവരാണ് നമ്മളെല്ലാം. മാസങ്ങൾ കുറച്ചായി. കഴിഞ്ഞ ദിവസം ഇദ്ദേഹം പോകുന്നതു കൊണ്ട് പെട്രോൾ പമ്പിന് എൻഒസി കിട്ടിയെന്നു പറഞ്ഞു. ഏതായാലും അത് നന്നായി. ആ എൻഒസി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം. ആ എൻഒസി കൊടുത്തതിന് അദ്ദേഹത്തോട് നന്ദി പറയാനാണ് ഈ പരിപാടിയിൽ പങ്കെടുത്തത് .
ഒന്ന്, ജീവിതത്തിൽ എപ്പോഴും നമ്മൾ സത്യസന്ധത പാലിക്കണം. ചിരിച്ചു കൊണ്ടും പാൽപുഞ്ചിരി കൊണ്ടും സംസാരിക്കുന്നവരും മുണ്ടുടുക്കുന്നവരും ജീവിതത്തിൽ ലാളിത്യമുള്ളവരാണെന്ന് ആരും ധരിക്കേണ്ട. ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു. ഒരു കാര്യം പറഞ്ഞപ്പോൾ കുറച്ച് മാസങ്ങളായെങ്കിലും നടത്തികൊടുത്തതിന്. കണ്ണൂരിൽ അദ്ദേഹം നടത്തിയതുപോലെ ആയിരിക്കരുത് അദ്ദേഹം ഇനി പോകുന്ന സ്ഥലത്ത് നടത്തേണ്ടത്. നിങ്ങൾ മെച്ചപ്പെട്ട രീതിയിൽ..കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ആളുകളെ സഹായിക്കണം. നിങ്ങളുടെ, നമ്മുടെ ചുറ്റും ആളുകളുണ്ട്. അവരെ കെയർ ചെയ്യണം.
സർക്കാർ സർവീസാണ്. ഒരു നിമിഷം മതി എന്തും സംഭവിക്കാൻ. ആ നിമിഷത്തെ ഓർത്തുകൊണ്ട് നമ്മളെല്ലാം കയ്യിൽ പേന പിടിക്കണം. രണ്ടു ദിവസം കാത്തിരിക്കണം. ഇത്രമാത്രം പറഞ്ഞ് ഇവിടെനിന്ന് ഇറങ്ങുന്നു. മറ്റൊന്നുമല്ല, ഉപഹാരം സമർപ്പിക്കുന്ന ചടങ്ങിൽ ഞാൻ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിന് പ്രത്യേക കാരണങ്ങളുമുണ്ട്. ആ കാരണങ്ങൾ രണ്ടു ദിവസം കൊണ്ട് നിങ്ങൾ അറിയും. നന്ദി ’’–പി.പി.ദിവ്യ പറഞ്ഞു.