‘കരിപ്പൂർ സ്വർണക്കടത്ത്; എഡിജിപി പി.വിജയന് പങ്ക്’: ആരോപണവുമായി അജിത് കുമാർ
Mail This Article
കൊച്ചി∙ എഡിജിപി പി.വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് എം.ആർ. അജിത് കുമാർ. ഡിജിപിക്ക് നൽകിയ മൊഴിയിലാണ് വിജയനെതിരെ ആരോപണമുള്ളത്. കരിപ്പൂരിലെ സ്വർണക്കടത്തിൽ പി. വിജയന് പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്നാണ് അജിത് കുമാറിന്റെ മൊഴി. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ഐജി ആയിരിക്കുന്ന കാലത്ത് സ്വർണക്കടത്തിൽ പങ്കുള്ളതായാണ് ആരോപണം.
തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ മറ്റു ചില അംഗങ്ങൾക്കും സ്വർണക്കടത്തിൽ പങ്കുള്ളതായി സുജിത് ദാസ് അറിയിച്ചു. സുജിത് ദാസ് വിവരമറിയിച്ചതിന് ശേഷമാണ് സ്വർണക്കടത്തിനെതിരെ കർശന നടപടിക്ക് താൻ നിർദേശിച്ചതെന്നും അജിത് കുമാർ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് അജിത് കുമാർ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. അജിത് കുമാറിനും സുജിത് ദാസിനും സ്വർണക്കടത്തുമായി ബന്ധമുള്ളതായി പി.വി. അൻവർ എംഎൽഎ ആരോപിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ ഭാഗം വിശദീകരിക്കവേ വിജയനെതിരെ അജിത് കുമാർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പി.വി. അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സർക്കാർ നിയമസഭയിൽ വച്ചിരുന്നു. ഇതിലാണ് അജിത് കുമാറിന്റെ മൊഴി ഉൾപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, എഡിജിപി പി.വിജയന് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്നു താൻ പറഞ്ഞിട്ടില്ലെന്നും എഡിജിപി അജിത് കുമാറിന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും മുൻ എസ്‍പി സുജിത് ദാസ് പറഞ്ഞു. എം.ആര്‍. അജിത് കുമാര്‍ താൻ അങ്ങനെ പറഞ്ഞു എന്ന തരത്തിൽ അന്വേഷണ റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. പിടിക്കുന്ന സ്വര്‍ണം കസ്റ്റംസിന് കൈമാറാൻ ഒരു ഉദ്യോഗസ്ഥനും തന്നോട് പറഞ്ഞിട്ടില്ലെന്നും സുജിത് ദാസ് പറഞ്ഞു.