ADVERTISEMENT

കേരളം ഉപതിരഞ്ഞെടുപ്പുകളിലേക്കു പോകുന്നു. വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ 13നാണ്. വോട്ടെണ്ണൽ 23ന്. അടുത്ത പത്തുദിവസത്തിനുള്ളിൽ നാമനിർദേശപത്രിക സമർപ്പിക്കണം. സ്ഥാനാർഥികളുടെ പേര് പ്രഖ്യാപിച്ചാൽ മതിയെന്ന സ്ഥിതിയിലാണ് പാർട്ടികൾ. ചേലക്കരയിൽ യു.ആർ.പ്രദീപിനെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന്റെ സ്ഥാനാർഥി. 

പാലക്കാട്ടങ്കത്തിന് ആരൊക്കെ?

പാലക്കാട്ട് തുടക്കം മുതൽ കേൾക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാമിന്റെയും പേരുകളാണ്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനും മത്സരത്തിനു താൽപര്യപ്പെടുന്നു. ഷാഫി പറമ്പിൽ ഇടപെട്ട് രാഹുലിനെ മുൻകൂട്ടി അവതരിപ്പിച്ചതിന്റെ പരിഭവം പലർക്കുമുണ്ടായിരുന്നെങ്കിലും അത് ഏറക്കുറെ പരിഹരിക്കാനായിട്ടുണ്ട്. കോൺഗ്രസിന്റേത് യുവ സ്ഥാനാർഥിയാണെങ്കിൽ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിനെ മത്സരിപ്പിക്കാനാണു സിപിഎം ആലോചന. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളും പരിഗണനയിലുണ്ട്. മുൻ സിപിഎം നേതാവ് ഇ.കെ.ഇമ്പിച്ചിബാവയുടെ മകന്റെ ഭാര്യ കൂടിയാണ്. ബിജെപിയിൽ സി.കൃഷ്ണകുമാറിനാണ് സാധ്യത. ശോഭാ സുരേന്ദ്രന്റെ പേരുമുണ്ട്. 

ചേലക്കരയിൽ രമ്യ വരുമോ?

ചേലക്കരയിൽ, രമ്യ ഹരിദാസിന് ഒരവസരം കൂടി നൽകണമെന്ന താൽപര്യത്തിനാണു കോൺഗ്രസിൽ മുൻതൂക്കം. കെ.എ.തുളസി, മണ്ഡലത്തിൽ തന്നെയുള്ള യുവനേതാവ് ശിവൻ വീട്ടിക്കുന്ന് എന്നിവരുടെ പേരുകളുമുണ്ട്. തൃശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വി.കെ.ശ്രീകണ്ഠൻ എംപിയുടെ ഭാര്യയുമാണു തുളസി. കെ.രാധാകൃഷ്ണനു മത്സരിക്കാൻ കഴിഞ്ഞതവണ ചേലക്കര സീറ്റ് ഒഴിഞ്ഞുകൊടുത്ത മുൻ എംഎൽഎ യു.ആർ.പ്രദീപിനെ തന്നെ മത്സരിപ്പിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. ബിജെപി ചർച്ച ചെയ്യുന്നതു തിരുവില്വാമലയിലെ പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ പേരാണ്. 

പ്രിയങ്കയെ നേരിടാനാരൊക്കെ?

വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. രാഹുലിനെ നേരിട്ട ആനി രാജ പ്രിയങ്കയ്ക്കെതിരെ എത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്. ബിജെപിയിൽനിന്ന് എം.ടി.രമേശ് മത്സരിച്ചേക്കും.

English Summary:

Battle for Kerala: By-Elections Heat Up in Wayanad, Palakkad, and Chelakkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com