‘വയനാട്ടിൽ മത്സരിക്കുന്നത് ജയിക്കാൻ; എൽഡിഎഫ് സജ്ജം’: സ്ഥാനാർഥികൾ അതിവേഗമെന്ന് ടി.പി. രാമകൃഷ്ണൻ
Mail This Article
കോഴിക്കോട്∙ ഉപതിരഞ്ഞെടുപ്പുകളെ നേരിടാൻ എൽഡിഎഫ് സജ്ജമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സംഘടനാപരമായ പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ തയാറെടുപ്പ് നടത്തിയിരുന്നു. സ്ഥാനാർഥി നിർണയം അതിവേഗമുണ്ടാകും. അതനുസരിച്ച് അനുബന്ധ പ്രവർത്തനങ്ങളുമുണ്ടാകുമെന്നും രാമകൃഷ്ണൻ പറഞ്ഞു.
പാലക്കാട് നിയമസഭയിൽ എൽഡിഎഫ് മുൻപ് വിജയിച്ചിട്ടുണ്ട്. ജയം തന്നെയാണു ലക്ഷ്യം. വയനാട്ടിലും നല്ല നിലയിലുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുണ്ടാകും. 2021ലെ തിരഞ്ഞെടുപ്പിനു മുൻപ് സർക്കാരിനെതിരെ എത്രയെത്ര ആക്ഷേപങ്ങളാണ് വന്നത്. 8 സീറ്റ് അധികം നേടിയാണ് ആ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത്. സർക്കാരിനെതിരായ പ്രചാരണം ജനങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ തെളിയിക്കും. കഴിയുന്നത്ര വേഗത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു.
വയനാടിന്റെ രാഷ്ട്രീയ സാഹചര്യം എല്ലാവർക്കും അറിയാം. നല്ല തിരഞ്ഞെടുപ്പ് ഫലത്തിനു വേണ്ടി മത്സരിക്കും. ജയിക്കാൻ വേണ്ടി തന്നെയാണ് വയനാട്ടിൽ മത്സരിക്കുന്നതെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.