നവീന്റേത് പാർട്ടി കുടുംബം, അമ്മ തിരഞ്ഞെടുപ്പിൽ മത്സരിച്ചു; ദിവ്യയ്ക്കെതിരെ പത്തനംതിട്ട സിപിഎം
Mail This Article
പത്തനംതിട്ട∙ കണ്ണൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റേത് സിപിഎം കുടുംബം. നവീനും ഭാര്യ മഞ്ജുവും ഇടത് അനുകൂല ഓഫിസർമാരുടെ സംഘടനയിൽ അംഗങ്ങളാണ്. സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് നവീൻ കാസർകോട്ടേക്ക് പോയി. അവിടെനിന്നാണ് മാസങ്ങൾക്കു മുൻപ് കണ്ണൂരിലെത്തിയത്. പത്തനംതിട്ടയിലേക്ക് അടുത്തിടെ സ്ഥലംമാറ്റം ലഭിച്ചു. നവീന്റെ പത്തനംതിട്ടയിലേക്കുള്ള യാത്രയയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധിക്ഷേപിച്ച് സംസാരിച്ച വിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.
നവീൻ ബാബുവിന്റെ വീട് മലയാലപ്പുഴയ്ക്കടുത്ത് താഴം എന്ന സ്ഥലത്താണ്. നവീൻ കൈക്കൂലി വാങ്ങുന്ന ആളല്ലെന്ന് നാട്ടുകാരും സുഹൃത്തുക്കളും ഒന്നടങ്കം പറയുന്നു. സിപിഎമ്മിന്റെ അടിയുറച്ച വിശ്വാസികളാണ് കുടുംബമെന്നും ബന്ധുക്കൾ പറഞ്ഞു. പാർട്ടി കുടുംബമാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. അച്ഛൻ കൃഷ്ണൻനായരും അമ്മ രത്നമ്മയും പാർട്ടിക്കാരാണ്. ഇരുവരും അധ്യാപകരായിരുന്നു.
അമ്മ രത്നമ്മ 1979ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നവീൻ ബാബു സർവീസിന്റെ തുടക്കത്തിൽ എൻജിഒ യൂണിയന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ സിപിഎം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ അംഗമായി. ഭാര്യയും സംഘടനയിൽ അംഗമാണ്.
ബന്ധുക്കളിൽ പലരും സിപിഎം അനുകൂല സർവീസ് സംഘടനകളിൽ അംഗമാണ്. ഭാര്യയുടേതും പാർട്ടി കുടുംബമാണ്. അടുത്ത ബന്ധു ഓമല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. പി.പി.ദിവ്യ തെറ്റു ചെയ്തെങ്കിൽ നടപടിയെടുക്കണമെന്നും പാർട്ടിക്കു പരാതി നൽകുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹൻ പറഞ്ഞു. നടപടിയില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ പറയുന്നു. വിളിക്കാത്ത ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നു ചെല്ലുന്നതിൽ ദുരുദ്ദേശ്യമുണ്ടെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി.
നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. നാട്ടിൽ എല്ലാവരുമായും നല്ല ബന്ധം സൂക്ഷിക്കുന്ന ആളാണ്. നവീൻ ഒരിക്കലും കൈക്കൂലി വാങ്ങില്ലെന്നും രാഷ്ട്രീയക്കാർ കുടുക്കിയതായിരിക്കുമെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. രേഖകളില്ലാത്തതിനാലാകും പെട്രോൾ പമ്പിന് അനുമതി നൽകാത്തതെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി. കൂടുതൽ സമയവും പത്തനംതിട്ടയിലാണ് നവീൻ ജോലി ചെയ്തതെന്നും ശത്രുകൾപോലും കൈക്കൂലിക്കാരനാണെന്ന് പറയില്ലെന്നും മറ്റൊരു സുഹൃത്ത് പറഞ്ഞു.