ജില്ലയ്ക്ക് പുറത്തുള്ളവരെ മുഖ്യമന്ത്രിയാക്കിയ നാടാണ് പാലക്കാടെന്ന് രാഹുൽ; ഉത്തരവാദിത്തം നിറവേറ്റുമെന്ന് രമ്യ
Mail This Article
പത്തനംതിട്ട∙ പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിൽ വളരെ സന്തോഷമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഈ പ്രായത്തിനിടെ ഒരുപാട് അവസരങ്ങളാണ് പാർട്ടി നൽകിയത്. പ്രിയങ്ക ഗാന്ധി ഇന്ത്യൻ പാലർമെന്റിലേക്ക് കാലെടുത്ത് വയ്ക്കുന്ന നിർണായക തിരഞ്ഞെടുപ്പാണിത്. അങ്ങനെയൊരു ഉപതിരഞ്ഞെടുപ്പിൽ പാർട്ടി തന്നെ നിയോഗിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
മുതിർന്ന നേതാക്കളുടെയെല്ലാം അനുഗ്രഹമുണ്ട്. പാലക്കാട് ജില്ലയിലെ നേതാക്കളുടെ പിന്തുണയുണ്ട്. പൊതുവിലുള്ള രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണ്. മുന്നണിയിലെയും പാർട്ടിയിലെയും നേതാക്കളുമായി സംസാരിച്ച് മറ്റ് കാര്യങ്ങൾ അറിയിക്കും. ഈ തിരഞ്ഞെടുപ്പിലെ യഥാർഥ ട്രെൻഡ് സെറ്റ് ചെയ്യാൻ പോകുന്നത് ചേലക്കരയാകും. വയനാട് പ്രിയങ്ക മത്സരിക്കുന്നതിന്റെ ആവേശം മറ്റ് മണ്ഡലങ്ങളിലുമുണ്ടാകും. കൽപാത്തി രഥോത്സവം കേരളത്തിന്റെ പ്രധാനപ്പെട്ട ഉത്സവ ആഘോഷങ്ങളിൽ ഒന്നാണ്. ആ ദിവസം വോട്ടെടുപ്പ് വയ്ക്കുന്നതിൽ ബുദ്ധിമുട്ടാണെന്നും രാഹുൽ പറഞ്ഞു. ജില്ലയ്ക്ക് പുറത്തു നിന്നൊരാൾ എന്ന വെല്ലുവിളിയില്ല. ജില്ലയ്ക്ക് പുറത്തുള്ള രണ്ടു പേരെ മുഖ്യമന്ത്രിയാക്കിയ ജില്ലയാണ് പാലക്കാടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ജനങ്ങൾ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും ചേലക്കരയിൽ വരാൻ പോകുന്നതെന്നും അത് ഐക്യ ജനാധിപത്യ മുന്നണിക്ക് ഒപ്പമായിരിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തം നാളിതുവരെ നിറവേറ്റിയ പോലെ നിറവേറ്റുമെന്നും രമ്യ പറഞ്ഞു.