ഷിബിൻ വധക്കേസ്; മുസ്ലിം ലീഗ് പ്രവർത്തകർ ഉള്‍പ്പെടെ 7 പ്രതികൾക്ക് ജീവപര്യന്തം
Mail This Article
കൊച്ചി∙ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന നാദാപുരം തൂണേരിയിലെ ഷിബിനെ കൊലപ്പെടുത്തിയ കേസിൽ മുസ്‍ലിം ലീഗ് പ്രവർത്തകർ ഉൾപ്പെടെ 7 പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. വിചാരണക്കോടതി വിട്ടയച്ച പ്രതികള്‍ക്കാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷയും 1.10 ലക്ഷം രൂപ വീതം പിഴയും ചുമത്തിയത്. ഇതിൽ അഞ്ച് ലക്ഷം രൂപ കൊല്ലപ്പെട്ട ഷിബിന്റെ പിതാവിനും ബാക്കിയുള്ള തുക പരുക്കേറ്റവര്‍ക്കും തുല്യമായി നൽകണമെന്ന് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, സി.പ്രദീപ് കുമാർ എന്നിവർ വിധിന്യായത്തിൽ വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതി ഒളിവിലുള്ള കോടഞ്ചേരി തൂണേരി അംശം മീത്തലെ പുനച്ചിക്കണ്ടി തെയ്യമ്പാടി വീട്ടിൽ ഇസ്മയിൽ, രണ്ടാം പ്രതി സഹോദരൻ മുനീർ, നാലാം പ്രതി തൂണേരി അംശം വാറങ്കി താഴേക്കുനി വീട്ടിൽ സിദ്ദിഖ്, അഞ്ചാം പ്രതി തൂണേരി അംശം മണിയന്റവിട വീട്ടിൽ മുഹമ്മദ് അനീസ്, ആറാം പ്രതി തൂണേരി അംശം കളമുളത്തിൽ കുന്നി വീട്ടിൽ ഷുൈബ്, 15–ാം പ്രതി തൂണേരി അംശം കൊഞ്ചന്റവിട വീട്ടിൽ ജാസിം, 16–ാം പ്രതി തൂണേരി അംശം കടയംകൊട്ടുമ്മൽ വീട്ടിൽ സമദ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഇവർക്കൊപ്പം വിചാരണ കോടതി വിട്ടയിച്ചിരുന്ന മൂന്നാം പ്രതി തൂണേരി അംശം താഴേക്കുനിയിൽ അസ്‍ലാമും കുറ്റക്കാരനാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. എന്നാൽ വിചാരണ കോടതി വിട്ടയച്ചതിനു പിന്നാലെ അസ്‍ലാം കൊല്ലപ്പെട്ടു.
പ്രതികൾ ഓരോരുത്തരും 1.10 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഐപിസി വിവിധ വകുപ്പുകൾ പ്രകാരം 6 മാസം കഠിന തടവ്, 1 വർഷം കഠിന തടവ്, 2 വർഷം കഠിന തടവ്, 3 വർഷം കഠിന തടവ് എന്നിവയ്ക്കു പുറമെയാണ് ജീവപര്യന്തം ശിക്ഷ. ഇതെല്ലാം ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. നാലാം പ്രതി സിദ്ദിഖിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
2015 ജനുവരി 22നായിരുന്നു ഷിബിൻ കൊല്ലപ്പെട്ടത്. രാഷ്ട്രീയ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐ–സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ 6 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാൽ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നു വ്യക്തമാക്കി എരഞ്ഞിപ്പാലം സ്പെഷല്‍ അഡീഷനല്‍ സെഷന്‍സ് കോടതി 17 പ്രതികളെയും വെറുതെ വിടുകയായിരുന്നു. ഇതിനെതിരെ സർക്കാരും ഷിബിന്റെ പിതാവ് ഭാസ്കരൻ, ആക്രമണത്തിൽ പരുക്കേറ്റവർ തുടങ്ങിയവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്നാണ് ഹൈക്കോടതി 1, 2, 4, 5, 6, 15, 16 പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഒന്നാം പ്രതി ഒഴികെയുള്ളവർ ഇന്നലെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലെത്തുകയും നാദാപുരം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇവരെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കിയിരുന്നു.