അഴിമതിക്കേസുകളുടെ അങ്കത്തട്ടിൽ ഇനി തീപാറും പോര്; ചന്നപട്ടണ, സന്ദൂർ, ഷിഗ്ഗാവ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്
Mail This Article
ബെംഗളൂരു ∙ അഴിമതിക്കേസുകൾ തുടർക്കഥയായ സംസ്ഥാനത്ത് മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ രാഷ്‌ട്രീയ ബലാബലത്തിന് അരങ്ങൊരുങ്ങി. അഴിമതിയെച്ചൊല്ലി കോൺഗ്രസും ബിജെപി–ജനതാദൾ (എസ്) സഖ്യവും പരസ്പരം പേർവിളിക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് എത്തുന്നത്. രാമനഗരയിലെ ചന്നപട്ടണ, ബെള്ളാരിയിലെ സന്ദൂർ, ഹാവേരിയിലെ ഷിഗ്ഗാവ് എന്നിവിടങ്ങളാണ് നവംബർ 13ന് ഉപതിരഞ്ഞെടുപ്പ്. സിറ്റിങ് എംഎൽഎമാർ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസ് 3 സീറ്റിലും മത്സരിക്കും. പ്രതിപക്ഷ സഖ്യത്തിൽനിന്ന് ബിജെപി സ്ഥാനാർഥികളാകും സന്ദൂർ, ഷിഗ്ഗാവ് സീറ്റുകളിൽ രംഗത്തിറങ്ങുക. ചന്നപട്ടണ സീറ്റിൽ ബിജെപി പ്രാദേശിക ഘടകം അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും സഖ്യകക്ഷിയായ ദൾ സിറ്റിങ് സീറ്റ് വിട്ടു കൊടുക്കാൻ സാധ്യതയില്ല. നവംബർ 23നാണ് വോട്ടെണ്ണൽ.
ചന്നപട്ടണയിൽ ഗ്ലാമർ പോരാട്ടം
ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും കേന്ദ്രമന്ത്രി കുമാരസ്വാമിയും അരയും തലയും മുറുക്കി രംഗത്തുള്ള ചന്നപട്ടണയാണ് ഗ്ലാമർ മണ്ഡലം. കുമാരസ്വാമി മണ്ഡ്യ എംപിയായതിനെ തുടർന്നാണ് സീറ്റ് ഒഴിഞ്ഞത്. ദളിന്റെ പരമ്പരാഗത ശക്തികേന്ദ്രം പിടിച്ചെടുക്കാൻ സർവസന്നാഹവും ഒരുക്കി ഉപമുഖ്യമന്ത്രി ശിവകുമാർ കളത്തിലിറങ്ങിയതോടെയാണ് ഇവിടത്തെ പോരാട്ടത്തിനു ചൂടേറുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു റൂറലിൽ സഹോദരൻ ഡി.കെ.സുരേഷിനേറ്റ അപ്രതീക്ഷിത തിരിച്ചടിക്കു പകരംവീട്ടാൻ കൂടിയാണിത്.
മണ്ഡലത്തിൽ പല തവണ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചും സ്വാതന്ത്ര്യദിനത്തിൽ സ്വന്തം മണ്ഡലമായ കനക്പുര ഒഴിവാക്കി ദേശീയ പതാക ഉയർത്താൻ ചന്നപട്ടണ തിരഞ്ഞെടുത്തും ശിവകുമാർ നിലപാട് വ്യക്തമാക്കി. എന്നാൽ വ്യക്തിപ്രഭാവമല്ല, പാർട്ടി പ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തിലാണ് ഇവിടെ കോൺഗ്രസ് മത്സരിക്കുന്നതെന്ന് ശിവകുമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തിൽനിന്നു 4 തവണ എംഎൽഎയായ ബിജെപി എംഎൽസി സി.പി.യോഗേശ്വർ എൻഡിഎ സ്ഥാനാർഥിയാകാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആർ.അശോക ഉൾപ്പെടെയുള്ളവർ യോഗേശ്വറിന്റെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ കോലാർ വിട്ടുനൽകിയതിനു പകരം ചന്നപട്ടണ വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
എന്നാൽ ഇത്തരമൊരു ധാരണയില്ലെന്നും സീറ്റു നൽകാനാകില്ലെന്നും ദൾ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. മകനും യുവജനതാദൾ സംസ്ഥാന പ്രസിഡന്റുമായ നിഖിൽ ഗൗഡയെ സ്ഥാനാർഥിയാക്കാനാണ് കുമാരസ്വാമി ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കിൽ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിലും 2023ലെ നിയമസഭ തിരഞ്ഞെടുപ്പിൽ രാമനഗരയിലും പരാജയപ്പെട്ട നിഖിലിന്റെ രാഷ്ട്രീയ ഭാവിക്ക് ഏറെ നിർണായകമാകുമിത്. ഡി.കെ.സുരേഷ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും ശിവകുമാർ ഇതു നിരാകരിച്ചിട്ടുണ്ട്. സീറ്റു നിഷേധിക്കപ്പെട്ടാൽ സി.പി.യോഗേശ്വർ കോൺഗ്രസ് കുപ്പായത്തിൽ ജനവിധി തേടാനും സാധ്യതയേറെയാണ്.
കോൺഗ്രസിന്റെ സന്ദൂർ കോട്ട
പരമ്പരാഗത ശക്തികേന്ദ്രമായ സന്ദൂരിൽ വിജയം ആവർത്തിക്കാൻ കച്ച മുറുക്കുകയാണ് കോൺഗ്രസ്. മണ്ഡല ചരിത്രത്തിൽ 3 തവണ മാത്രമേ കോൺഗ്രസിന് കാലിടറിയിട്ടുള്ളൂ. എന്നാൽ ഒരു തവണ പോലും വിജയം തൊടാൻ ബിജെപിക്കായിട്ടില്ല. കഴിഞ്ഞ 4 തവണയും വിജയിച്ച കോൺഗ്രസിന്റെ ഇ.തൂക്കാറാം ബെള്ളാരിയിൽ നിന്ന് എംപിയായതോടെയാണ് സീറ്റൊഴിഞ്ഞത്. മണ്ഡലത്തിൽ 400 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്ച തുടക്കമിട്ടിട്ടുണ്ട്. തൂക്കാറാമിന്റെ മകൾ സൗപർണിക ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായേക്കും. തൂക്കാറാമിനോടു ബെള്ളാരി മണ്ഡലത്തിൽ പരാജയപ്പെട്ട മുൻ ഉപമുഖ്യമന്ത്രി ബി.ശ്രീരാമുലുവിനെ ബിജെപി കളത്തിലിറക്കാനാണ് സാധ്യത.
വിജയം തുടരാൻ ബിജെപി; ചരിത്രം തിരുത്താൻ കോൺഗ്രസ്
ബിജെപിക്കായി ഹാട്രിക് വിജയം നേടിയ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹാവേരിയിൽനിന്ന് എംപിയായതിനെ തുടർന്നാണ് ഷിഗ്ഗാവിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബൊമ്മെയുടെ മകൻ ഭരത്താണ് ബിജെപി സ്ഥാനാർഥി സാധ്യത പട്ടികയിലെ ഒന്നാമൻ. ലിംഗായത്ത് പഞ്ചമശാലി നേതാക്കളായ ശശിധർ യാലിഗർ, ശ്രീകാന്ത് ദുണ്ഡിഗൗഡർ എന്നിവരും ബിജെപി ടിക്കറ്റിനായി രംഗത്തുണ്ട്. 1994നു ശേഷം മണ്ഡലത്തിൽനിന്നു ജയിക്കാനായിട്ടില്ലെന്ന ചരിത്രം തിരുത്താനാണ് കോൺഗ്രസ് ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുനിലയിൽ മണ്ഡലത്തിൽ ഒന്നാമത് എത്താനായതാണു പാർട്ടിക്കു പ്രതീക്ഷ നൽകുന്നത്. മുൻ എംഎൽഎ സയദ് അസീം പീർ ഖാദിരി, കഴിഞ്ഞ തവണ പരാജയപ്പെട്ട യാസിർ ഖാൻ പഠാൻ, മുൻ മന്ത്രി ആർ.ശങ്കർ ഉൾപ്പെടെ നീണ്ട നിരയാണ് കോൺഗ്രസ് സ്ഥാനാർഥിത്വത്തിനായി രംഗത്തുള്ളത്.