ADVERTISEMENT

തിരുവനന്തപുരം ∙ ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചപ്പോൾ ‌പ്രതിദിന ബുക്കിങ് 70,000 പേർക്ക് മാത്രം. പ്രതിദിനം 80,000 പേർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനാകും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. 70,000 പേരുടെ ബുക്കിങ് കഴിഞ്ഞശേഷം 10,000 പേർക്ക് സ്പോട് ബുക്കിങ് നൽകാനാണോ ദേവസ്വം ബോർഡ് തീരുമാനം എന്നതിൽ വ്യക്തതയില്ല. 80,000 പേർ വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്ത ശേഷം ബാക്കിയുള്ളവർക്ക് സ്പോട് ബുക്കിങ് കൂടി അനുവദിക്കുമെന്നായിരുന്നു കരുതിയിരുന്നത്.

കഴിഞ്ഞ വർഷവും 70000 പേർക്കായിരുന്നു വെർച്വൽ ക്യൂവിലൂടെ പ്രതിദിന ബുക്കിങ്. ബുക്കിങ് വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും ദേവസ്വം ബോർഡ് അധികൃതർ സംസാരിച്ചില്ല. ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനിച്ചത്. സ്പോട് ബുക്കിങ് അവസാനിപ്പിച്ചതിനെതിരെ മുന്നണിയിൽ തന്നെ പ്രതിഷേധം ഉയർന്നു. തുടർന്ന് എല്ലാവർക്കും ദർശനം ഉറപ്പാക്കുമെന്നു സർക്കാർ വ്യക്തമാക്കി.

മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് ശബരിമലയിലെത്തുന്ന തീർഥാടകർക്ക് സ്പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും നൽകിയത്. നിയമസഭയിൽ വി.ജോയിയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സ്പോട് ബുക്കിങ് എന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചില്ലെങ്കിലും ഓൺലൈൻ റജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ് നട തുറന്നത്. പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും. ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് പ്രാഥമിക പട്ടികയിലുള്ളത്. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, സ്പെഷൽ കമ്മിഷണറും ജില്ലാ ജഡ്ജിയുമായ ആർ.ജയകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണു നറുക്കെടുപ്പ്.

English Summary:

Sabarimala Booking Confusion: 70,000 Online Slots, Spot Booking Unclear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com