‘സംഘടനാവിരുദ്ധ പ്രവർത്തനം’: സരിനെ പുറത്താക്കി കോൺഗ്രസ്
Mail This Article
തിരുവനന്തപുരം∙ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പി.സരിനെ പുറത്താക്കി കോൺഗ്രസ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിനു പിന്നാലെ പാർട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടി. ‘ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പുറത്താക്കി‘–ജനറൽ സെക്രട്ടറി എം.ലിജു വാർത്താക്കുറിപ്പിൽ അറിയിച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്നു സരിൻ. ഉപതിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലക്കാരനായ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിനെ രൂക്ഷമായി വിമർശിച്ച് സരിൻ ഇന്നലെ വാർത്താ സമ്മേളനം നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം പുനഃപരിശോധിക്കണമെന്നാണ് ഇന്നലെ സരിൻ പരസ്യമായി ആവശ്യപ്പെട്ടത്. ‘എനിക്കു ശേഷം ഇന്നയാൾ എന്ന രീതിയിൽ സ്ഥാനാർഥിത്വം തീരുമാനിക്കാൻ പാടില്ല. ഒരാളുടെ താൽപര്യത്തിനു മാത്രമായി പാർട്ടി നിന്നുകൊടുക്കരുത്. രാഹുലാണു യോജ്യനെന്നു പാർട്ടി ബോധ്യപ്പെടുത്തിയാൽ പ്രശ്നം തീർന്നു’ –സരിൻ വ്യക്തമാക്കി. രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തിയ സിപിഎം, സരിൻ പാർട്ടിവിട്ടു വന്നാൽ സ്വീകരിക്കാമെന്ന നിലപാടിലാണ്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സംസ്ഥാന നേതൃത്വം ചർച്ച നടത്തിയശേഷം തീരുമാനം പ്രഖ്യാപിക്കും.