ADVERTISEMENT

രാജ്യാന്തര സ്വർണവില റെക്കോർഡ് തൂത്തെറിഞ്ഞ് എക്കാലത്തെയും പുതിയ ഉയരത്തിൽ. ഔൺസിന് 2,​696.68 ഡോളറിലേക്കാണ് ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് എട്ടോടെ വില ഉയർന്നത്. ഇന്ന് ഇതുവരെ മാത്രം 20 ഡോള‌ർ ഉയർന്നു കഴിഞ്ഞു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,​693 ഡോളറിൽ.  കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 2,​685 ഡോളർ എന്ന റെക്കോർ‌ഡ് പഴങ്കഥയായി. 2,​700 ഡോളർ എന്ന മാന്ത്രികസംഖ്യ വൈകാതെ മറികടന്നേക്കുമെന്നാണ് വിലയിരുത്തലുകൾ.

കേരളത്തിലെ സ്വർണവിലയും കുതിച്ചുയരാൻ വഴിവയ്ക്കുന്നതാണ് രാജ്യാന്തര വിപണിയിലെ ഈ വിലക്കയറ്റം. ഇന്ന് കേരളത്തിൽ സ്വർണവില പവന് 160 രൂപ ഉയർന്ന് സർവകാല ഉയരമായ 57,​280 രൂപയിൽ എത്തിയിരുന്നു. 20 രൂപ ഉയർന്ന് 7,​160 രൂപയാണ് ഗ്രാം വില. രാജ്യാന്തര വില നിലവിലെ ട്രെൻഡ് തുടർന്നാൽ,​ നാളെ കേരളത്തിലെ വിലയും കത്തിക്കയറും.

തിരിച്ചടിയായി യുദ്ധവും യു.എസും ചൈനയും

ലോകത്തെ ഒന്നാം നമ്പ‌ർ സാമ്പത്തികശക്തിയായ യു.എസിലെ ചലനങ്ങളാണ് പ്രധാനമായും സ്വർണവിലയിൽ കുതിപ്പുണ്ടാക്കുന്നത്. ഒന്ന്,​ യുഎസിൽ സാമ്പത്തികരംഗം മാന്ദ്യഭീതിയിലാണെന്ന സൂചനയുമായി കഴിഞ്ഞമാസം മാനുഫാക്ചറിങ് മേഖലയുടെ വളർച്ചാ സൂചിക നെഗറ്റീവിലേക്ക് ഇടിഞ്ഞു.

രണ്ട്,​ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന് ഉറപ്പിച്ച് പറയാനാകാത്തവിധം മത്സരം പൊടിപാറുന്നതാണ്. ആരാകും പ്രസിഡന്റ് എന്ന സൂചന ലഭിച്ചാലേ യുഎസിന്റെ തുടർ സാമ്പത്തിക,​ രാഷ്ട്രീയ നയങ്ങളെ കുറിച്ച് അനുമാനങ്ങളിലേക്കെത്താൻ സാമ്പത്തിക,​ രാഷ്ട്രീയ നിരീക്ഷകർക്ക് കഴിയൂ. 

മൂന്ന്,​ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകാനായി യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകളാണ്. പലിശ കുറഞ്ഞാൽ ആനുപാതികമായി യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് (ട്രഷറി യീൽഡ്)​ കുറയും. ഫലത്തിൽ,​ കടപ്പത്രത്തിലെ നിക്ഷേപം അനാകർഷകമാകും. ഡോളറിന്റെ മൂല്യവും കുറയും. നിക്ഷേപകർ ഡോളറിനെയും സ്വർണത്തെയും കൈവിട്ട് സ്വർണത്തിലേക്ക് മാറും. വില കൂടും.

നാല്,​ മധ്യേഷ്യയിൽ സംഘർഷത്തിന് അറുതിയില്ലെന്നതാണ്. യുദ്ധം എക്കാലത്തും സ്വർണവിലയുടെ കുതിപ്പിന്റെ കാലമാണ്. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുമേൽ യുദ്ധം എപ്പോഴും സമ്മ‌ർദ്ദമാകാറുണ്ട്. യുദ്ധം പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയും സ്വർണത്തിനുണ്ട്. കാര്യമായ നഷ്ടത്തിന് സാധ്യതയില്ലെന്നതാണ് കാരണം.  അതേസമയം ഓഹരി,​ കടപ്പത്ര വിപണികളിൽ വിറ്റൊഴിയൽ സമ്മർദ്ദമുണ്ടാകുകയും ചെയ്യും. ഈ സാഹചര്യങ്ങളിൽ സ്വർണ നിക്ഷേപങ്ങൾക്കാണ് ഡിമാൻഡ് കൂടുക. ഫലത്തിൽ സ്വർണവില കൂടും. ഈ ട്രെൻഡാണ് രാജ്യാന്തര തലത്തിൽ നിലനിൽക്കുന്നത്.

അഞ്ച്,​ ചൈനയിലെ സംഭവവികാസങ്ങളാണ്. തളർന്നുകിടക്കുന്ന ആഭ്യന്തര സമ്പദ് മേഖലയ്ക്ക് ഉണർവ് പകരാനുള്ള ഉത്തേജക പദ്ധതികളിലേക്ക് കടക്കുകയാണ് ചൈന. റിയൽ എസ്റ്റേറ്റ്,​ ഓഹരി,​ സ്വർണം എന്നിങ്ങനെ മൂന്ന് നിക്ഷേപ മാർഗങ്ങളാണ് പ്രധാനമായും ചൈനക്കാരുടെ മുന്നിലുള്ളത്. ഇതിൽ റിയൽ എസ്റ്റേറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്നതിനോട് ഇപ്പോഴും പലരും അകലം പാലിക്കുന്നു. സ്വർണം വാരിക്കൂട്ടാനാണ് പലർക്കും താൽപര്യം. ഇതും വില വർധനയുടെ ആക്കം കൂട്ടുന്നു.

English Summary:

Gold Prices Soar to New Heights: US Economy and Global Uncertainty Fuel Surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com