നോവോർമയായി നവീൻ ബാബു, ചിതയിൽ തീ പകർന്ന് പെൺമക്കൾ; കണ്ണീരോടെ യാത്രയയപ്പ്
Mail This Article
പത്തനംതിട്ട ∙ കേരളത്തിന്റെ നോവായി മാറിയ നവീൻ ബാബു ഓർമയായി. കഴിഞ്ഞ ദിവസം അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിനു ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചു. പെൺമക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകർമങ്ങൾ ചെയ്തതും ചിതയിലേക്കു തീ പകർന്നതും. വീട്ടുവളപ്പിലാണു ചിതയൊരുക്കിയത്. കത്തുന്ന ചിതയ്ക്കു മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി. മന്ത്രി കെ.രാജന്റെ നേതൃത്വത്തിലാണു മൃതദേഹം ചിതയിലേക്കെടുത്തത്. നവീന് അന്ത്യാഞ്ജലിയേകാൻ ഉദ്യോഗസ്ഥരും നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ മലയാലപ്പുഴയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെയാണു വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ചത്. കലക്ടറേറ്റിലെ പൊതുദർശനത്തിനു ശേഷം 11 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. നവീൻ ബാബുവിനെ അവസാനമായി ഒരു നോക്കുകാണാൻ വൻ ജനാവലി കാത്തുനിന്നിരുന്നു. മന്ത്രിമാരും വിലാപയാത്രയെ അനുഗമിച്ചു. ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ സംസ്കാര ചടങ്ങുകൾ തുടങ്ങി. വികാരനിർഭരമായ യാത്രയയപ്പാണ് കലക്ടറേറ്റിൽ സഹപ്രവർത്തകർ നവീൻ ബാബുവിന് അവസാനമായി നൽകിയത്.
ചൊവ്വാഴ്ച പത്തനംതിട്ട കലക്ടറേറ്റിൽ എഡിഎമ്മായി ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന നവീൻ ബാബുവിന്റെ ഭൗതികശരീരം എത്തിച്ചതോടെ സഹപ്രവർത്തകരിൽ പലരും വിങ്ങിപ്പൊട്ടി. പത്തനംതിട്ട മുൻ ജില്ലാ കലക്ടർ ദിവ്യ എസ്.അയ്യർ, മന്ത്രി വീണാ ജോർജ്, റവന്യു മന്ത്രി കെ.രാജൻ എന്നിവരുൾപ്പെടെ നവീൻ ബാബുവിനെ അവസാനമായി കാണാനെത്തിയത് നിറകണ്ണുകളോടെയായിരുന്നു.
എൽഡി ക്ലർക്കായി സർക്കാർ സർവീസിൽ പ്രവേശിച്ച നവീൻ ബാബു 2010ലാണ് ജൂനിയർ സൂപ്രണ്ടായത്. കാസർകോട്ടായിരുന്നു പോസ്റ്റിങ്. 2022ൽ ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടറായി. വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. സ്ഥലംമാറ്റത്തിന്റെ തലേന്ന് കണ്ണൂരിൽ നടന്ന യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അഴിമതി ആരോപണം ഉന്നയിക്കുന്നതും ഇതിൽ മനംനൊന്ത് നവീൻ ബാബു ജീവനൊടുക്കുന്നതും.