ADVERTISEMENT

മുംബൈ ∙ ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്ണോയി സംഘം 25 ലക്ഷം രൂപയുടെ കരാർ നൽകിയെന്ന വെളിപ്പെടുത്തലുമായി പൊലീസ്. മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാംഹൗസിനു സമീപം സൽമാനെ വധിക്കാനായിരുന്നു പദ്ധതി. ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണു കൊലപാതകത്തിനു കരാർ നൽകിയതെന്നു നവി മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

5 പേരെ പ്രതികളാക്കി സമർപ്പിച്ച കുറ്റപത്രത്തിലാണു ബിഷ്ണോയി സംഘത്തെപ്പറ്റി പരാമർശമുള്ളത്. പാക്കിസ്ഥാനിൽനിന്ന് അത്യാധുനിക എകെ 47, എകെ 92, എം16 എന്നീ ആയുധങ്ങളും പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ തുർക്കി നിർമിത സിഗാന ആയുധവും വാങ്ങാൻ പ്രതികൾ ഒരുങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്. 18 വയസ്സിനു താഴെയുള്ള ആൺകുട്ടികളെയാണു സൽമാനെ കൊല്ലാൻ നിയോഗിച്ചത്. ഇവരെല്ലാം പുണെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒളിവിലാണ്. സൽമാന്റെ നീക്കങ്ങൾ നിരന്തരം നിരീക്ഷിക്കാനും സംവിധാനമൊരുക്കി.

സൽമാന്റെ ബാന്ദ്രയിലെ വസതി, പൻവേലിലെ ഫാംഹൗസ്, ഫിലിം സിറ്റി എന്നിവിടങ്ങളിലെ നിരീക്ഷണത്തിനായി 60–70 ആളുകളെയാണു നിയോഗിച്ചിരുന്നത്. 2023 ഓഗസ്റ്റ് മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിൽ സൽമാനെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. വ്യാഴാഴ്ച ഹരിയാനയിൽനിന്ന് അറസ്റ്റിലായ സുഖ എന്നയാളാണ്, എകെ എന്നു വിളിക്കുന്ന ഷൂട്ടർ അജയ് കശ്യപിനും മറ്റു 4 പേർക്കും കരാർ നൽകിയതെന്നാണു കണ്ടെത്തൽ. കനത്ത സുരക്ഷയും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും കാരണം നടനെ വധിക്കുന്നതു പ്രയാസമാണെന്നു സംഘം അറിയിച്ചു. തുടർന്നാണ് അത്യാധുനിക ആയുധങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചത്.

പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ആയുധ ഇടപാടുകാരൻ ഡോഗറുമായി വിഡിയോ കോളിൽ സുഖ ബന്ധപ്പെട്ടു. എകെ47 ഉൾപ്പെടെയുള്ള ആയുധങ്ങളുടെ ഇടപാടിന്റെ നിബന്ധനകൾ ചർച്ച ചെയ്തു. 50 ശതമാനം തുക മുൻകൂർ നൽകാമെന്നും ആയുധങ്ങൾ എത്തിച്ചാൽ ബാക്കി തരാമെന്നും സമ്മതിച്ചു. കാനഡയിലുള്ള ഗുണ്ടാ നേതാവ് ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയി എന്നിവരുടെ അനുകൂല സന്ദേശത്തിനായി അക്രമിസംഘം കാത്തിരുന്നു. നടനെ വെടിവച്ച ശേഷം കന്യാകുമാരിയിൽ ഒത്തുകൂടാനും അവിടെനിന്നു ബോട്ടിൽ ശ്രീലങ്കയിലേക്കും തുടർന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് എത്തിച്ചേരാൻ കഴിയാത്ത രാജ്യത്തേക്കും പോകാനാണു സംഘം പദ്ധതി തയാറാക്കിയതെന്നും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.

English Summary:

Lawrence Bishnoi Gang Planned Salman Khan Assassination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com