ADVERTISEMENT

മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തമാസം 20ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാഷ്ട്രീയപാർട്ടികൾ സർവ സന്നാഹവുമായി പ്രചാരണ ഗോദയിലേക്ക്. ഇരുമുന്നണികളും ഇപ്പോൾ ശാന്തമെങ്കിലും സീറ്റ് വിഭജനവും സ്ഥാനാർഥി പ്രഖ്യാപനവും വരാനിരിക്കെ രാഷ്ട്രീയ ചുഴലിക്കാറ്റുകൾക്കുള്ള സാധ്യത തള്ളാനാകില്ല. ഇരുമുന്നണികളിലും സീറ്റ് കിട്ടാത്തവർ മറുപക്ഷത്തേക്ക് ഒഴുകിയേക്കും. രാജു ഷെട്ടിയും ബച്ചു കാഡുവും കോലാപുർ രാജകുടുംബത്തിലെ സംഭാജി രാജെയും ചേർന്നുണ്ടാക്കിയ പരിവർത്തൻ മുന്നണിയിലും അവസരങ്ങളുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ടവർ അങ്ങോട്ടു നീങ്ങുകയും പ്രകാശ് അംബേദ്കർ അവരോടു കൈകോർക്കുകയും ചെയ്താൽ മൂന്നാം മുന്നണിയായി ഉയർന്നുവരാനുളള സാധ്യതയും തള്ളാനാകില്ല.

ഭരണമുന്നണി എന്ന നിലയിൽ എൻഡിഎയുടെ പ്രവർത്തനങ്ങളാണ് കൂടുതൽ വിലയിരുത്തപ്പെടുക. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാനപാലനം താറുമാറായി എന്ന വിമർശനം സജീവമാണ്. ശിവാജി മഹാരാജിന്റെ പ്രതിമ തകർന്നുവീണത്, ബദ്‌ലാപുർ ലൈംഗിക പീഡനം, പ്രതിയുടെ ഏറ്റുമുട്ടൽ കൊലപാതകം, സംവരണ പ്രക്ഷോഭങ്ങൾ, സഖ്യത്തിനുള്ളിൽ പരിഹരിക്കാനാകാതെ കിടക്കുന്ന പടലപ്പിണക്കങ്ങൾ എന്നിവയെല്ലാം ഭരണകക്ഷിക്ക് മുന്നിലുള്ള വെല്ലുവിളികളാണ്.

∙ശിവാജി പ്രതിമയുടെ തകർച്ച

സിന്ധുദുർഗ് കോട്ടയിൽ കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജി മഹാരാജിന്റെ 35 അടി ഉയരമുള്ള പ്രതിമ, നിർമിച്ച് 10 മാസം തികയുന്നതിന് മുൻപ് തകർന്നുവീണത് സർക്കാരിന് വലിയ തലവേദനയായിരുന്നു. ഓഗസ്റ്റ് 26ന് ശക്തമായ കാറ്റിലാണ് പ്രതിമ കടപുഴകിയത്. നിർമാണത്തിലെ അനാസ്ഥ വൻ ചർച്ചയായി. ദൈവിക പരിവേഷമുള്ള ശിവാജിയുടെ പ്രതിമ തകർന്നുവീണതിന് എതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. നിർമാണത്തിന് നേതൃത്വം നൽകിയ ആർക്കിടെക്ട്, ശിൽപി എന്നിവരെ പിടികൂടാൻ പൊലീസ് വൈകിയതും നാണക്കേടായി.

∙ബദ്‌ലാപുർ പീഡനം

ബദ്‌ലാപുർ സകൂളിൽ 2 നഴ്സറി വിദ്യാർഥിനികളെ കരാർത്തൊഴിലാളി ലൈംഗികമായി പീഡിപ്പിച്ച കേസ് വലിയ പ്രക്ഷോഭങ്ങൾക്ക് കാരണമായി. 3 ദിവസത്തിന് ശേഷമാണ് പ്രതി അക്ഷയ് ഷിൻഡെയെ പൊലീസ് പിടികൂടിയത്. സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെട്ട കേസിൽ സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾക്ക് ബിജെപി ബന്ധം ആരോപിക്കപ്പെട്ടതും ഇത് ഒതുക്കിത്തീർക്കാൻ ശ്രമിച്ച അവരെ പിടികൂടാൻ പൊലീസ് കാലതാമസം എടുത്തതും വിമർശനത്തിനിടയാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ തവണയാണ് ഹൈക്കോടതി സർക്കാരിനെ വിമർശിച്ചത്.

∙തകർന്ന ക്രമസമാധാനപാലനം

ദിവസേന മോശം അവസ്ഥയിലേക്ക് നീങ്ങുന്ന ക്രമസമാധാനനില സർക്കാരിന് ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. മുൻ മുഖ്യമന്ത്രിയും നിലവിൽ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫ‍ഡ്നാവിസാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നതെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ആഭ്യന്തരവകുപ്പിന്റെ കാര്യക്ഷമത ചോദ്യം ചെയ്യപ്പെട്ട ഒട്ടേറെ സംഭവങ്ങളാണ് ഈ വർഷം മാത്രം ഉണ്ടായത്. ഫെബ്രുവരി 2ന് ബിജെപി എംഎൽഎ ഗണപത് ഗായ്ക്‌വാഡിന്റെ നേതൃത്വത്തിൽ നടന്ന ഉല്ലാസ്നഗർ പൊലീസ് വെടിവയ്പ്, ബദ്‌ലാപുർ ലൈംഗിക പീഡനക്കേസിലെ പ്രതി അക്ഷയ് ഷിൻഡെ പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടത് എന്നിവയ്ക്കു പുറമേ കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ മൂന്ന് എൻസിപി അജിത് പവാർ വിഭാഗം നേതാക്കൾ വിവിധ സംഭവങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ മാസം ഒന്നിന് വൻരാജ് അന്ദേക്കർ വെടിയേറ്റും ഈ മാസം 5ന് സച്ചിൻ കുർമി കുത്തേറ്റും കഴിഞ്ഞ ശനിയാഴ്ച മുൻ മന്ത്രി ബാബ സിദ്ദിഖി വെടിയേറ്റും കൊല്ലപ്പെട്ടു. പൊലീസിന്റെ മൂക്കിന് ചുവട്ടിൽ കുറ്റവാളികൾ റോന്ത് ചുറ്റുന്നത് തടയാൻ കഴിയാത്തത് സർക്കാരിന് ഉണ്ടാക്കിയ നാണക്കേട് ചെറുതല്ല.

∙സഖ്യത്തിലെ പടലപ്പിണക്കം

എൻഡിഎ സഖ്യത്തിന്റെ ഭാഗമായതു മുതൽ ആരംഭിച്ചതാണ് അജിത് പവാറിനോട് ശിവസേന ഷിൻഡെ നേതാക്കൾക്കും ബിജെപി നേതാക്കൾക്കുമുള്ള അനിഷ്ടം. കഴിഞ്ഞ മാസങ്ങളിൽ അജിത് പവാറിനെതിരെ പരസ്യപ്രസ്താവനകളുമായി മന്ത്രിമാരടക്കം രംഗത്തുവരികയും ചെയ്തു. ലാഡ്കി ബഹിൻ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ പേര് പറയാതിരിക്കുന്നതിൽ ഉള്ള അമർഷം, അജിത്തിന്റെ സമ്മതമില്ലാതെ നടത്തുന്ന സാമ്പത്തിക പദ്ധതി പ്രഖ്യാപനങ്ങൾ, അദ്ദേഹം അമിത് ഷായുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകൾ, ജൻസമ്മാൻ യാത്ര, യാത്രയ്ക്കിടയിൽ മറ്റു സഖ്യനേതാക്കളുടെ അസാന്നിധ്യത്തിൽ നടത്തുന്ന രഹസ്യയോഗങ്ങൾ എന്നിവയും സഖ്യത്തിനുള്ളിലെ പിണക്കം കൂടുതൽ വഷളാക്കി.

∙സംവരണ പ്രക്ഷോഭങ്ങൾ

മറാഠാ സംവരണം ആവശ്യപ്പെട്ട് ജരാങ്കെ പാട്ടീലിന്റെ നേതൃത്വത്തിൽ 6 തവണയാണ് നിരാഹാര സമരം നടത്തിയത്. ഇതിനെതിരെ ഒബിസി നേതാക്കളുടെ നേതൃത്വത്തിൽ പ്രതിപ്രക്ഷോഭവും തുടരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ സംവരണ ക്വോട്ടയിൽ ധൻകർ സമുദായത്തിനെ ഉൾക്കൊള്ളിക്കാനുള്ള സർക്കാർ നീക്കത്തിനെതിര ഭരണപക്ഷ എംഎൽഎമാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് സർക്കാരിനെതിരെ നടന്നത്. ഇത് പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

∙വികസനമന്ത്രം

വെല്ലുവിളികൾ ഒട്ടേറെയാണെങ്കിലും ‘വികസനമന്ത്രം’ ആണ് എൻഡിഎയുടെ പിടിവള്ളി. ലോക്സഭാ തിരഞ്ഞെടുപ്പു തിരിച്ചടിക്കു ശേഷമുള്ള ഓരോ ദിവസവും വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങളുടേതും ഉദ്ഘാടനങ്ങളുടേതുമാണ്.

മെട്രോയും പാലവും വ്യവസായ പദ്ധതികളും സ്ത്രീകൾക്കും യുവാക്കൾക്കുമുള്ള ആനുകൂല്യങ്ങളും ജാതിമത വിഭാഗങ്ങളെ ലക്ഷ്യമിട്ടു നടത്തിയ പ്രഖ്യാപനങ്ങളും ഗുണം ചെയ്യുമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. മോദി, ഷാ, ഷിൻഡെ, ഫഡ്നാവിസ്, അജിത് എന്നിങ്ങനെ കരുത്തരായ നേതാക്കൾ അണിനിരക്കുമ്പോൾ ഇന്ത്യാമുന്നണിയെ പിന്നിലാക്കാമെന്നും അവർ സ്വപ്നം കാണുന്നു.

English Summary:

Maharashtra Elections: Can Development Trump Controversy for the NDA?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com