ADVERTISEMENT

കോട്ടയം∙ ആത്മഹത്യ ചെയ്ത കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരത്തിനു പിന്നാലെ ഫെയ്സ്ബുക് കുറിപ്പുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളങ്കരഹിതമായ സർവീസ് എന്ന സുദീർഘമായ യാത്രയുടെ പടിക്കൽ വച്ചാണ് നവീൻ ബാബു യാത്രയായതെന്ന് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം:

‘‘കത്തുന്ന ചിതയ്ക്കരികില്‍ കണ്ണീരു വറ്റാതെ നില്‍ക്കുന്ന രണ്ടു മക്കളുടെയും ഒരമ്മയുടെയും കാഴ്ച മനസില്‍ നിന്നു മറയുന്നില്ല. കളങ്കരഹിതമായ സര്‍വീസ് എന്ന സുദീര്‍ഘമായ യാത്രയുടെ പടിക്കല്‍ അത്രയും കാലത്തെ സല്‍പേരു മുഴുവന്‍ തച്ചുടച്ചു കളഞ്ഞ ഒരു ധാര്‍ഷ്ട്യത്തോട് നിശബ്ദമായി മരണം കൊണ്ടു മറുപടി പറഞ്ഞ ഒരു മനുഷ്യന്‍ ഒരു നാടിന്റെ വേദനയാണിന്ന്. അതുകൊണ്ടു തന്നെയാണ് മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ വീട്ടിലേക്ക് ഐക്യദാര്‍ഢ്യത്തിന്റെ ഒരു മനുഷ്യനിര തന്നെ എത്തിച്ചേര്‍ന്നത്, ആ വീടിന്റെ വേദനയോട് ഐക്യപ്പെട്ടത്, അവരുടെ കണ്ണീര്‍ തങ്ങളുടെയും കണ്ണീരാക്കിയത്.

ആദര്‍ശത്തിനും അഭിമാനത്തിനും വേണ്ടി ജീവന്‍ കൊടുത്ത ഒരച്ഛന്റെ മക്കളാണവര്‍. അവരുടെ കണ്ണുനീര്‍ ഇന്ന് കേരളത്തെ ചുട്ടുപൊള്ളിക്കുന്നുണ്ട്. നവീന്‍ ബാബുവിനു മരണത്തിന്റെ വഴി കാട്ടിക്കൊടുത്ത ധാര്‍ഷ്ട്യത്തിന്റെ അടിവേരില്‍ ആസിഡ് പോലെ വീണു പുകയുന്നുണ്ട്. എന്തിനായിരുന്നു ഇതെല്ലാം. ആര് എന്തു നേടി... ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നോർക്കുക. 

ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു. പകയുടെയും പകരം ചോദിക്കലിന്റെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്. കനല്‍പഴുപ്പിച്ച വാക്കുകള്‍ നെഞ്ചിലേക്കു കുത്തിയിറക്കി ഒരു മുഴം കയറിലേക്ക് മനുഷ്യനെ നടത്തുന്ന രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ അടിസ്ഥാനപരമായി മനുഷ്യ സ്‌നേഹിയാകണം. മാനവികതയുടെ പക്ഷത്തു നിന്നാണ് അയാളുടെ ആശയങ്ങള്‍ക്കു വേണ്ടി പൊരുതേണ്ടത്. മാനവികത നഷ്ടപ്പെട്ട ആശയങ്ങള്‍ ഒറ്റ നീരുറവ പോലുമില്ലാത്ത മരുഭൂമികളാണ്. ഇങ്ങനെയല്ല ഒരാളിന്റെ വാക്കുകള്‍ അപരന് സംഗീതമാകേണ്ടത്. അച്ഛന്‍ ജീവിച്ചു മരിച്ച അതേ ആദര്‍ശം കൈവിടാതെ ജീവിക്കാന്‍ ആ കുഞ്ഞുങ്ങള്‍ക്കാകട്ടെ എന്ന പ്രാര്‍ഥന മാത്രം. പകയുടേതല്ല, മാനവികതയുടെതാണ് ലോകമെന്നറിഞ്ഞു വളരാനാകട്ടെ എന്ന പ്രതീക്ഷ മാത്രം!’’

English Summary:

Tragedy in Kerala: Chennithala Mourns Naveen Babu, Calls for Humanity in Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com