ADVERTISEMENT

കൊച്ചി ∙ കൊല്ലത്തുനിന്ന് കോട്ടയം വഴിയുള്ള എറണാകുളം യാത്രയിലെ ദുരിതത്തിനു പുതിയ മെമു അനുവദിച്ചതിലൂടെ തൽക്കാലം പരിഹാരമായെങ്കിലും വലഞ്ഞ് ആലപ്പുഴയിൽനിന്നുള്ള യാത്രക്കാർ. ആലപ്പുഴയിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രാദുരിതം പരിഹരിക്കാൻ റെയിൽവേ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധത്തിന് ഒരുങ്ങുകയാണു യാത്രക്കാർ.

രാവിലെ 7.25ന് ആലപ്പുഴയിൽനിന്നു പുറപ്പെടുന്ന ആലപ്പുഴ - എറണാകുളം മെമുവിലെ ക്രമാതീതമായ തിരക്ക് മൂലം യാത്രക്കാർ കുഴഞ്ഞുവീഴുന്നതും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതും പതിവാണ്. ആലപ്പുഴയിൽനിന്നു തന്നെ നിറഞ്ഞു വരുന്ന ട്രെയിൻ എറണാകുളം - ആലപ്പുഴ മെമുവിന്റെ ക്രോസ്സിങ്ങിനായി അര മണിക്കൂറിലധികം തുറവൂരിൽ പിടിച്ചിടും. വൈകിട്ട് 6 മണിക്ക് എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്കു പോയിരുന്ന കായംകുളം പാസഞ്ചർ ട്രെയിൻ, വന്ദേഭാരതിനു വേണ്ടി 25 മിനിറ്റ് എറണാകുളത്തും അത്രയും സമയം കുമ്പളം സ്റ്റേഷനിലും പിടിച്ചിടുന്നുവെന്നു യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ആരോപിക്കുന്നു.

പല ട്രെയിനുകൾക്കായി എല്ലാ ക്രോസിങ് സ്റ്റേഷനുകളിലും പിടിച്ചിട്ട് പാസഞ്ചർ ആലപ്പുഴ എത്തുന്നത് രാത്രി 8.30–9 സമയത്താണ്. ഈ ദുരിതയാത്രകൾക്ക് അറുതി വരുത്താൻ രാവിലെ 16 ബോഗികളുള്ള മെമു അനുവദിക്കണമെന്നും വൈകിട്ട് 6 മണിക്ക് തന്നെ കായംകുളം പാസഞ്ചർ പുറപ്പെടണമെന്നും യാത്രക്കാർ പറഞ്ഞു. കൊല്ലത്തുനിന്നു ജനശതാബ്ദിക്ക് ശേഷം ഒരു ട്രെയിൻ ആലപ്പുഴ വഴി പുതിയതായി അനുവദിക്കണം തുടങ്ങിയ നിരവധിയായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ‘ഫ്രണ്ട്സ് ഓൺ റെയിൽസ്’ ഈ മാസം 22ന് രാവിലെ തുറവൂരിൽ പ്രതിഷേധ സംഗമം നടത്തും.

അരൂർ എംഎൽഎ ദലീമ ജോജോ, ജില്ലാ പഞ്ചായത്തംഗം അനന്തു രമേശ്, ഫ്രണ്ട്സ് ഓൺ റെയിൽസ് ആലപ്പുഴ പ്രസിഡന്റ് ബിന്ദു വയലാർ, സെക്രട്ടറി നൗഷിൽ തുടങ്ങിയവർ പങ്കെടുക്കും. നേരത്തേ കോട്ടയം വഴിയുള്ള പാലരുവിക്കും വേണാട് എക്സ്പ്രസിനും ഇടയിൽ ഒരു ട്രെയിൻ കൂടി അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നു. ഇതോടെ കോട്ടയം വഴിയുള്ള എറണാകുളം യാത്രയിലെ തിരക്കിന് കുറച്ചെങ്കിലും ശമനമുണ്ടായി. ഇതേ മാതൃകയിൽ ആലപ്പുഴയിൽനിന്നും ഒരു മെമു കൂടി അനുവദിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

English Summary:

Alappuzha-Ernakulam Train Commuters Protest Overcrowding, Demand New MEMU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com