‘ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായി, വാക്കാൽ പോലും ക്ഷണിച്ചില്ല; പ്രസംഗത്തിന് ശേഷം ഞെട്ടിത്തരിച്ചു പോയി’
Mail This Article
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ച പെട്രോൾ പമ്പുടമ പ്രശാന്തനെ പൊലീസ് ചോദ്യം ചെയ്തു. കണ്ണൂർ ടൗൺ പൊലീസാണ് മൊഴിയെടുത്തത്. പി.പി. ദിവ്യയ്‌ക്കെതിരെ കണ്ണൂർ ജില്ലാ കലക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാർ പൊലീസിനു മൊഴി നൽകി. എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ നൽകിയ മൊഴിയിൽ പറയുന്നു. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണ്. പ്രസംഗത്തിനു ശേഷം എല്ലാവരും ഞെട്ടിത്തരിച്ചു പോയി.
എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത ജീവനക്കാർ പൊലീസിനോട് പറഞ്ഞു. അതിനിടെ നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ജില്ലാ കലക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് ദിവ്യ ഹര്‍ജിയില്‍ പറയുന്നത്. തന്‍റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ദിവ്യ ജാമ്യ ഹര്‍ജിയിൽ പറയുന്നു. ഹര്‍ജി കോടതി നാളെ പരിഗണിക്കും.
ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയത് ചോദ്യം ചെയ്തുകൊണ്ടാണ് ദിവ്യയുടെ ഹര്‍ജി. കേസില്‍ അറസ്റ്റിനുള്ള സാധ്യതയുണ്ട്. അതിനാല്‍ അറസ്റ്റ് തടയണമെന്നും ദിവ്യ ആവശ്യപ്പെടുന്നു. കലക്ടറേറ്റില്‍ മറ്റൊരു പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ് കലക്ടര്‍ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത്. അവിടെയെത്തിയപ്പോള്‍ തന്നെ സംസാരിക്കാനായി ക്ഷണിച്ചതും കലക്ടറാണെന്നും ദിവ്യ ഹർജിയിൽ പറയുന്നു.