ADVERTISEMENT

കോട്ടയം∙ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ആയിരുന്ന സരിനെ കോൺഗ്രസിൽനിന്നു പുറത്താക്കും മുൻപ് ഇന്നലെ രാവിലെ കെപിസിസി വെബ്സൈറ്റിന്റെ അഡ്മിൻ സ്ഥാനത്തുനിന്നു മാറ്റി. രാവിലെ 10 മണിയോടെ കെപിസിസി അധ്യഷൻ കെ.സുധാകരന്റെ നിർദേശപ്രകാരമായിരുന്നു നീക്കം. 11.45ന് സരിൻ പാലക്കാട് വാർത്താ സമ്മേളനം ആരംഭിച്ച് 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കെപിസിസിയുടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ്, യൂട്യൂബ്, എക്സ് അക്കൗണ്ടുകളുടെ അഡ്മിൻ പാനലിൽനിന്നു സരിൻ തെറിച്ചു. തൊട്ടുപിന്നാലെ ആയിരുന്നു സരിനെ പുറത്താക്കി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു ഒപ്പിട്ട ഉത്തരവിറങ്ങിയത്.

2005ൽ രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന സമയത്താണ് ഐടി സെൽ ആരംഭിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി സ്വന്തമായി വെബ്സൈറ്റ് തുടങ്ങിയ പിസിസി കേരളത്തിലേതായിരുന്നു. ഐടി പ്രഫഷനലും ടെക്നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന രഞ്ജിത് ബാലനാണ് ഇതിനു ചുക്കാൻ പിടിച്ചത്. ഇക്കാലത്താണ് ഐടി സെല്ലിനു ജില്ലാ - മണ്ഡലം തല കമ്മിറ്റികൾ നിലവിൽ വന്നത്. 2019ൽ അനിൽ ആന്റണി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ ആകുന്നതുവരെയും രഞ്ജിത് ബാലനായിരുന്നു ചെയർമാൻ. അനിൽ ബിജെപിയിലേക്കു പോകുംവരെയും രഞ്ജിത്തിന്റെ സഹായം തേടിയിരുന്നു. എന്നാൽ സരിൻ പദവി ഏറ്റെടുത്തശേഷം രഞ്ജിത്തിനെ പൂർണമായും ഒഴിവാക്കി സ്വന്തം നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി. ആറു മാസം മുൻപ് പാർട്ടി വെബ്സൈറ്റിന്റെ ലോഗിൻ തനിക്കു വേണമെന്ന് സരിൻ രഞ്ജിത്തിനോട് ആവശ്യപ്പെട്ടു. ഇതോടെ വെബ്സൈറ്റിന്റെ ചുമതലക്കാരനായി സരിൻ മാറി. ഇതിനു മുൻപ് 2016ൽ ഡൽഹി കോൺഗ്രസിന്റെ ഐടി സെൽ കൺവീനർ പാർട്ടി വിട്ട് ബിജെപിയിലേക്കു പോയി, മിനിറ്റുകൾക്കകം വെബ്സൈറ്റിൽ കൈപ്പത്തിയുടെ സ്ഥാനത്ത് താമര പ്രത്യക്ഷപ്പെട്ടിരുന്നു. ഈ അപകടം മുൻകൂട്ടി കണ്ട യുവനേതാക്കൾ കാര്യം കെ.സുധാകരന്റെ ശ്രദ്ധയിൽപ്പെടുത്തി. സുധാകരൻ ആവശ്യപ്പെട്ടതനുസരിച്ച് വെബ്സൈറ്റിന്റെ ഡൊമെയ്ൻ, ഹോസ്റ്റ് അക്സസുകളിൽനിന്നു സരിനെ രഞ്ജിത് ബാലൻ നീക്കം ചെയ്തു.

കെപിസിസി ഓഫിസിലെ ഡിജിറ്റൽ മീഡിയ സെല്ലിലുള്ളവരാണു മറ്റു സമൂഹമാധ്യമ അക്കൗണ്ടുകളിലെ അഡ്മിൻ പാനലിൽനിന്നു സരിനെ നീക്കിയത്. സരിന്റെ വാർത്താ സമ്മേളനം പുരോഗമിക്കവെ വിഷയം അടിയന്തരമായി എഐസിസിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ  എഐസിസിയുടെ സുപ്രധാന വാട്സാപ് ഗ്രൂപ്പുകളിൽനിന്നു സരിൻ പുറത്തായി. എഐസിസിയുടെ കണ്ടന്റ് സ്ട്രാറ്റജി ഗ്രൂപ്പുകളിലടക്കം സരിൻ അംഗമായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ കേരളത്തിലേക്ക് എത്തുമ്പോൾ അവർ പങ്കെടുക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേഷണത്തിനു നേതാക്കളുടെ പേജുകളിൽ താൽക്കാലിക ലൈവ് അക്സസും സരിനുണ്ടായിരുന്നു.

പോസ്റ്റിട്ടത് വിശ്വസ്തൻ

സരിനെ പുറത്താക്കിയശേഷം അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പേജിൽ വന്ന വിവാദ പോസ്റ്റിട്ടത് ആലപ്പുഴക്കാരനായ പേജ് അഡ്മിൻ. സരിന്റെ വിശ്വസ്തനായിരുന്നു ഇയാൾ. പിന്നാലെ ഫെയ്സ്ബുക് പേജ് തന്നെ അപ്രത്യക്ഷമായി. രാത്രിയോടെ സരിൻ പേജ് തിരിച്ചുപിടിച്ചു.

English Summary:

Sarin Expelled: Inside the Digital Coup that Rocked Kerala Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com