‘5 കോടി വേണം, ഇല്ലെങ്കിൽ ബാബാ സിദ്ദിഖിക്ക് സംഭവിച്ചതിനേക്കാൾ മോശമാകും’: സൽമാന് ഭീഷണി
Mail This Article
മുംബൈ∙ ബോളിവുഡ് നടൻ സൽമാൻ ഖാന് പുതിയ ഭീഷണി. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം. കഴിഞ്ഞ ദിവസം മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. 5 കോടി തന്നില്ലെങ്കിൽ കാര്യങ്ങൾ ബാബാ സിദ്ദിഖിക്ക് സംഭവിച്ചതിനേക്കാൾ മോശമാകുമെന്നും സന്ദേശത്തിൽ പറയുന്നു. ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളിൽ ഒരാളാണ് ഭീഷണിസന്ദേശം അയച്ചതെന്നാണ് സൂചന.
സൽമാന്റെ അടുത്ത സുഹൃത്തായ എൻസിപി നേതാവ് ബാബാ സിദ്ദിഖി(66) ഒക്‌ടോബർ 12നാണ് മുംബൈ ബാന്ദ്രയിലെ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫീസിന് പുറത്ത് വെടിയേറ്റു കൊല്ലപ്പെട്ടത്. കേസിൽ ഇതുവരെ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറച്ചു മാസങ്ങളായി ബിഷ്‌ണോയി സംഘത്തിൽനിന്ന് സൽമാൻ നിരന്തരമായി ഭീഷണി നേരിടുകയാണ്. ഏപ്രിൽ 14ന് ബാന്ദ്രയിലെ നടന്റെ വസതിക്ക് പുറത്തുവച്ച് 2 പേർ 5 റൗണ്ട് വെടിവച്ചിരുന്നു.
സൽമാന് കേന്ദ്ര സർക്കാർ വൈ പ്ലസ് സുരക്ഷ അനുവദിച്ചു. വസതിക്കു പുറത്ത് കനത്ത പൊലീസ് വിന്യാസവും ഏർപ്പെടുത്തി. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുള്ള നിർമിതബുദ്ധി അധിഷ്ഠിതമായ ഉയർന്ന റെസല്യൂഷനിലുള്ള സിസിടിവി കാമറകളും മുംബൈ പൊലീസ് മേഖലയിൽ സ്ഥാപിച്ചു.
സൽമാനെ കൊലപ്പെടുത്താൻ ബിഷ്ണോയി സംഘം 25 ലക്ഷം രൂപയുടെ കരാർ നൽകിയെന്ന് കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസ് വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാംഹൗസിനു സമീപം സൽമാനെ വധിക്കാനായിരുന്നു പദ്ധതിയെന്നും ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണു കരാർ നൽകിയതെന്നും നവി മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി.