‘നവീൻബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് പ്രശാന്തൻ പറഞ്ഞു’; വെളിപ്പെടുത്തലുമായി ഫാ. പോൾ
Mail This Article
കണ്ണൂർ∙ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് പെട്രോൾ പമ്പിനായി അപേക്ഷിച്ച പ്രശാന്തൻ തന്നോട് പറഞ്ഞിരുന്നതെന്ന് നെടുവാലൂർ പള്ളി വികാരി ഫാ. പോൾ എടത്തിനകത്തിന്റെ വെളിപ്പെടുത്തൽ. പെട്രോൾ പമ്പിനായി ഭൂമി പാട്ടത്തിനു നൽകിയത് പോൾ എടത്തിനകത്താണ്. സ്ഥലം പരിശോധിക്കുന്നതിനായി എഡിഎം എത്തിയിരുന്നെങ്കിലും താൻ കണ്ടിരുന്നില്ല. ഭൂമി പാട്ടത്തിനു നൽകിയത് നാൽപതിനായിരം രൂപ പ്രതിമാസ വാടകയിലാണ്. പാട്ടക്കരാർ 20 വർഷത്തേക്കായിരുന്നു. താനും പ്രശാന്തനും ചേര്‍ന്നാണ് കരാര്‍ ഒപ്പുവച്ചതെന്നും ഫാ. പോൾ പറയുന്നു.
‘‘നെടുവാലൂര്‍ പള്ളിയുടെ ഭൂമിയാണ് പെട്രോള്‍ പമ്പിനായി പാട്ടത്തിനു കൊടുത്തത്. പുതിയ പള്ളി നിര്‍മാണം നടക്കുന്നതിനാല്‍ അതിനാവശ്യമായ പണം കണ്ടെത്തണമായിരുന്നു. അങ്ങനെയാണ് പള്ളിക്കമ്മിറ്റി ചര്‍ച്ച ചെയ്ത് രൂപതയുടെ അനുമതിയോടെ 40 സെന്‍റ് ഭൂമി 20 വര്‍ഷത്തേക്ക് പ്രതിമാസം 40000 രൂപ വാടകയില്‍ പാട്ടത്തിന് നല്‍കിയത്. എല്ലാക്കാര്യങ്ങളും വളരെ കൃത്യമായി ചെയ്യുന്ന ആളാണെന്നാണ് എഡിഎമ്മിനെ കുറിച്ച് എന്നോട് പറഞ്ഞത്. വേറൊരു വഴിയിലൂടെയോ, രീതിയിലോ അദ്ദേഹത്തെ സമീപിക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. എഡിഎം ഇവിടെ വന്നപ്പോള്‍ എനിക്ക് കാണാന്‍ സാധിച്ചില്ല. പ്രശാന്തനാണ് പറഞ്ഞത് ഭൂമി ഒരുക്കിയിടണം എന്ന്. സാധാരണ ഗതിയില്‍ ആരെങ്കിലും വന്നാല്‍ എന്നെ വിളിക്കുന്നതാണ്, പക്ഷേ വിളിച്ചില്ല. ഒരു പ്രാവശ്യം പോലും ഞാനദ്ദേഹത്തെ കണ്ടിട്ടില്ല’’ – ഫാ. പോൾ പറഞ്ഞു.