എടിഎമ്മിൽ നിറയ്ക്കാൻ കാറിൽ കൊണ്ടുപോയ 25 ലക്ഷം തട്ടിയെടുത്തു; ഡ്രൈവറുടെ കണ്ണിൽ മുളകുപൊടി വിതറി
Mail This Article
കോഴിക്കോട്∙ ഡ്രൈവറെ ആക്രമിച്ച് എടിഎമ്മിൽ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ കൊള്ളടയിച്ചു. കോഴിക്കോട് എലത്തൂർ കാട്ടിൽപീടികയിൽ ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പയ്യോളി സ്വദേശി സുഹൈലിനെയാണ് ആക്രമിച്ചത്.
ഇന്ത്യ വൺ എടിഎമ്മിൽ പൈസ നിറയ്ക്കുന്നതിനായി ഫെഡറൽ ബാങ്കിൽ നിന്ന് വൈകീട്ട് മൂന്നേമുക്കാലോടെ പണവുമായി സുഹൈൽ കാറിൽ യാത്ര പുറപ്പെട്ടു. കുറച്ചുദൂരം എത്തിയപ്പോൾ ഒരു പർദധാരി കാറിന് കൈകാണിക്കുകയായിരുന്നു. വണ്ടി നിർത്തിയപ്പോൾ രണ്ടുപേർ കൂടി അതിക്രമിച്ച് കാറിൽ കയറുകയും സുഹൈലിനെ ആക്രമിച്ച് ബോധം കെടുത്തുകയുമായിരുന്നു. പണം അപഹരിച്ച ഇവർ പിന്നീട് സുഹൈലിനെ കാറിൽ കെട്ടിയിട്ട് കടന്നുകളഞ്ഞുവെന്നാണ് സുഹൈൽ പറയുന്നത്. കാട്ടിൽപീടികയിലാണ് അക്രമി സംഘം കാർ ഉപേക്ഷിച്ചത്.
പിന്നീട് ബോധം വന്ന സുഹൈൽ നിലവിളിച്ച് ആളെക്കൂട്ടുകയായിരുന്നു. കാറിനുള്ളിൽ കെട്ടിയിട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുളകുപൊടിയുണ്ടായിരുന്നു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായി സൂചനയുണ്ട്. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.