ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് മത്സരിക്കും. പാലക്കാട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും ചേലക്കരയിൽ തിരുവില്വാമല പഞ്ചായത്തംഗം കെ.ബാലകൃഷ്ണനും മത്സരിക്കും.

കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണയായി കൗൺസിലറും കോർപ്പറേഷനിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവുമാണ് നവ്യ ഹരിദാസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർഥിയായിരുന്നു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, ബിജെപി ജില്ലാ പ്രസിഡന്റ്, ബിജെപി സംസ്ഥാന സെക്രട്ടറി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച നേതാവാണ് സി.കൃഷ്ണകുമാർ. 2000 മുതൽ 2020 വരെ പാലക്കാട് നഗരസഭാ കൗണ്‍സിലറായിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച് 2,51,778 വോട്ട് നേടി.

വയനാട് ലോക്സഭാ മണ്ഡലത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന മണ്ഡ‍ലത്തിൽ സത്യൻ മൊകേരിയാണ് സ്ഥാനാർഥി. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് വിട്ടുവന്ന ഡോ.പി.സരിനും ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ.പ്രദീപും ഇടതു മുന്നണിക്കായി മത്സരിക്കും. രാഹുൽ മാങ്കൂട്ടത്തില്‍ കോൺഗ്രസിനായി പാലക്കാടും രമ്യഹരിദാസ് ചേലക്കരയിലും മത്സരിക്കും.

English Summary:

Kerala Byelection: BJP Candidates Announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com