നുരഞ്ഞുപതഞ്ഞ് യമുന, വായു മലിനീകരണവും രൂക്ഷം; നടപടിയുമായി ഡൽഹി സർക്കാർ - വിഡിയോ
Mail This Article
ന്യൂഡൽഹി ∙ ദേശീയ തലസ്ഥാനത്തെ വരിഞ്ഞുമുറുക്കി മലിനീകരണം. വായു മാത്രമല്ല ജലവും മലിനമായി. വിഷലിപ്തമായ യമുനാ നദിയില്‍ വെള്ളം നുരഞ്ഞ് പതഞ്ഞൊഴുകുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നദിയിൽ മഞ്ഞ് നിറഞ്ഞിരിക്കുകയാണോ എന്ന ചോദ്യവും വിഡിയോകൾക്ക് താഴെയുണ്ട്. ഇതിന് പുറമെ എല്ലാവർഷത്തെയും പോലെ ഇത്തവണയും നഗരത്തിലെ വായുഗുണനിലവാര സൂചിക അത്യന്തം അപകടനിലയിലേക്ക് ഉയരുകയാണ്.
ശൈത്യകാലത്തിന് മുന്നോടിയായി, വർധിക്കുന്ന വായു മലിനീകരണം എങ്ങനെ നേരിടണമെന്നാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക പല മേഖലകളിലും 300 കടന്നു. ആനന്ദ് വിഹാർ, അക്ഷർധാം എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ വായുഗുണനിലവാര സൂചിക 334 ആയി. ഒക്ടോബർ അവസാനം ദീപാവലി ആഘോഷത്തിലേക്ക് കടക്കുന്നതോടെ നഗരത്തിലെ വായുഗുണനിലവാരം കൂടുതൽ മോശമാകാനാണ് സാധ്യത.
വിഷലിപ്തമായ യമുനാ നദിയുടെ അവസ്ഥ കണക്കിലെടുത്ത് ഡൽഹി സർക്കാർ കർമപദ്ധതി രൂപീകരിച്ചിട്ടുണ്ട്. 13 ഏകോപന സമിതികൾ രൂപീകരിച്ച്, ഡൽഹിയിലെ 13 ഹോട്‌സ്പോട് ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഓരോ ഹോട്‌സ്പോട്ടിലേക്കും ഡിപിസിസിയിൽ നിന്നുള്ള എൻജിനീയർമാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മലിനീകരണം കുറയ്ക്കുന്നതിന് ഹോട്‌സ്പോട് ഏരിയകളിൽ 80 മൊബൈൽ ആന്റി സ്‌മോഗ് ഗണ്ണുകൾ വിന്യസിച്ചു.