‘എന്റെ വരവ് ആശ്വാസമെന്നാണ് നവീന്റെ കുടുംബം പറഞ്ഞത്; പമ്പുകളുടെ എൻഒസി പരാതി അന്വേഷിക്കും’
Mail This Article
പത്തനംതിട്ട ∙ പെട്രോൾ പമ്പുകളുടെ നിരാക്ഷേപ പത്രവുമായി (എൻഒസി) ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം കെ.നവീൻബാബുവിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു, പെട്രോളിയം വകുപ്പിന്റെ ചുമതലയുള്ള സുരേഷ്ഗോപി.
പെട്രോൾ പമ്പുകളുടെ നിരാക്ഷേപപത്രം സംബന്ധിച്ച ഔദ്യോഗികമായ കാര്യങ്ങൾ ആദ്യദിവസം തന്നെ പറഞ്ഞിട്ടുണ്ടെന്ന് സുരേഷ്ഗോപി വ്യക്തമാക്കി. അതിന്റെ പരിണിതഫലം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ അറിയാം. അല്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ അതിന്റെ നീക്കങ്ങൾ തുടങ്ങും. പെട്രോൾ പമ്പുകൾക്ക് നിരാക്ഷേപ പത്രം ലഭിച്ചതു സംബന്ധിച്ച പരാതികൾ പരിശോധിക്കും. പമ്പുകളുടെ 25 വർഷത്തെയെങ്കിലും നിരാക്ഷേപ പത്രം പരിശോധിക്കേണ്ടിവരും.
പെട്രോളിയം മന്ത്രാലയത്തിന്റെ നയത്തിനു വിരുദ്ധമായി പെരുമാറിയാൽ ആരൊക്കെയുണ്ടെങ്കിലും ബാധിക്കപ്പെടും. എന്റെ വരവ് ആശ്വാസമെന്നാണ് നവീൻബാബുവിന്റെ കുടുംബം പറഞ്ഞത്. മറ്റൊന്നും കുടുംബം പറഞ്ഞിട്ടില്ല. പെട്രോളിയം മന്ത്രാലയത്തിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ വിവരങ്ങൾ എനിക്കു കൈമാറുന്നുണ്ട്. കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഉചിതമായ രീതിയിൽ കോടതി അത് പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി.ദിവ്യ പരസ്യമായി അഴിമതിയാരോപണം ഉന്നയിച്ചതിനെത്തുടർന്നാണ് നവീൻ ബാബു ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത് എന്നാണ് ആരോപണം. സ്വദേശമായ പത്തനംതിട്ടയിലേക്ക് നവീൻ ബാബുവിന് സ്ഥലംമാറ്റം ലഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന ഭാര്യയും മക്കളും, നവീൻ ബാബു എത്താത്തതിനെ തുടർന്ന് കണ്ണൂരിൽ നടത്തിയ അന്വേഷണത്തിലാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. യാത്രയയപ്പു സമയത്ത് ധരിച്ചിരുന്ന അതേ വേഷത്തിലായിരുന്നു ആത്മഹത്യ.