കൊച്ചി പൊലീസിന്റെ മിന്നൽ നീക്കത്തിൽ കുടുങ്ങിയത് കുപ്രസിദ്ധ മൊബൈൽ മോഷണസംഘം; അന്വേഷണം വാരണാസിയിലേക്ക്
Mail This Article
കൊച്ചി∙ ആഘോഷ പരിപാടികളിലെ കൂട്ട മൊബൈൽ മോഷണം മിക്ക സംസ്ഥാനങ്ങളിലും തുടർക്കഥയാണെങ്കിലും ഇത്തവണ മാറ്റമുണ്ടാക്കിയത് കേരള പൊലീസിന്റെ മിന്നൽ നീക്കം. ഇതാകട്ടെ, മൊബൈൽ മോഷണ കേസുകൾ അന്വേഷിക്കുന്നതിൽ മറ്റു സംസ്ഥാനങ്ങളിലെ പൊലീസിനും സഹായകമായി. മൊബൈൽ മോഷണം പോയെന്ന് പരാതികൾ ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ അന്വേഷണ സംഘം രൂപീകരിച്ചു കൊണ്ടാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അന്വേഷണത്തിന് തുടക്കമിടുന്നത്. മൊബൈൽ മോഷണം പോയി പിറ്റേന്നു തന്നെ ഇവ എവിടെയെല്ലാം എത്തി, എങ്ങനെയാണ് മോഷ്ടാക്കൾ കടന്നത് തുടങ്ങിയ കാര്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ കൊച്ചിയിലെത്തിച്ച ഡൽഹി സംഘത്തിലെ അതീഖ് ഉർ റഹ്മാൻ, വാസിം അഹമ്മദ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതിനിടെ, മുംബൈ സംഘത്തിലെ രണ്ടു പേർ വാരണാസിയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസ് സംഘം അവിടേക്ക് തിരിക്കും. ഇപ്പോൾ മുംബൈയിലുള്ള അന്വേഷണ സംഘമായിരിക്കും വാരണാസിയിലേക്ക് പോകുന്നത്. ഇവരുടെ പിടിയിലുള്ള മുംബൈ സംഘത്തിലെ സണ്ണി ഭോല യാദവ്, ശ്യാം ബരൻവാൾ എന്നിവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ കൊച്ചി പൊലീസിലെ ഒരു സംഘം ഉടൻ മുംബൈയിലെത്തും. ഇവരെ നാളെ രാവിലെ കൊച്ചിയിൽ എത്തിച്ചേക്കുമെന്നാണ് സൂചന. 3 ഫോണുകൾ മാത്രമേ ഇവരുടെ പക്കൽ നിന്ന് കണ്ടെടുക്കാൻ സാധിച്ചിട്ടുള്ളൂ എന്നതിനാലാണ് ഇവരെ തിരികെ കൊണ്ടുവരാൻ വൈകുന്നത്. ഒക്ടോബർ 7ന് കൊച്ചിയിൽ നിന്ന് മുംബൈയിലെത്തിയ സംഘം അവിടെ നിന്ന് പുണെയിലേക്ക് പോയതും വിമാനത്തിൽ തന്നെയാണ്. ഇവരുടെ പക്കൽ 18 ഫോണുകൾ ഉണ്ടായിരുന്നെന്നാണു സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസിന് മനസിലായത്. പുണെയിൽ നടന്ന അലൻ വോക്കർ ഷോയിലും ഇവർ പങ്കെടുത്തിരുന്നു. ഇതിനു ശേഷം തിരികെ എത്തിയ 2 പേരാണ് കേരള പൊലീസിന്റെ പിടിയിലായത്. അതുകൊണ്ടു തന്നെ കൊച്ചിയിൽ നിന്നും പുണെയിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകളുമായി കൂട്ടാളികൾ വാരണാസിയിലേക്ക് പോയിട്ടുണ്ട് എന്നാണ് പൊലീസിന് മനസിലായിട്ടുള്ളത്.
വ്യത്യസ്ത നഗരങ്ങളിൽ മുമ്പു നടന്നിട്ടുള്ള സംഗീത പരിപാടികളിലും ദസറ ആഘോഷം പോലുള്ളവയിലുമെല്ലാം ഇത്തരം സംഘടിത ഗ്യാങ്ങുകൾ മൊബൈൽ മോഷ്ടിക്കാറുണ്ട്. ആരും കാര്യമായി ഇതിന്റെ പിന്നാലെ പോകാത്തതു കൊണ്ടു തന്നെ അന്വേഷണവും പലപ്പോഴും കാര്യക്ഷമമാകാറില്ല. നിലവിൽ പിടിയിലായ മുംബൈയിലേയും ഡൽഹിയിലേയും ഗ്യാങ് അംഗങ്ങൾ മൊബൈൽ മോഷണത്തിന് മുമ്പും പിടിയിലായിട്ടുണ്ട്. എന്നാൽ സംഘടിത കുറ്റകൃത്യമെന്ന നിലയിൽ ഇവയെ കണക്കാക്കുകയോ വിപുലമായ അന്വേഷണം നടത്തുകയോ ഉണ്ടായിട്ടില്ല. ഇതിനു മുമ്പ് കാര്യക്ഷമമായ ഒരു അന്വേഷണം നടന്നത് 2022ൽ ബെംഗളുരുവിലെ സംഗീതപരിപാടിക്കിടെ മൊബൈലുകൾ കൂട്ടത്തോടെ മോഷ്ടിക്കപ്പെട്ട സംഭവമാണ്. ഡൽഹിയിൽ പിടിയിലായ വാസിം അഹമ്മദ് അന്ന് പിടിയിലായിരുന്നു എന്ന വിവരം ഇത്തവണ കൊച്ചി പൊലീസിന് തുണയാവുകയും ചെയ്തു.