ഖർഗെ, രാഹുൽ, സോണിയ ഉൾപ്പെടെ നേതൃനിര വയനാട്ടിലേക്ക്; 10 ദിവസത്തെ പ്രചാരണത്തിന് പ്രിയങ്ക
Mail This Article
കൽപറ്റ ∙ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട് മണ്ഡലത്തിൽ എത്തുന്നത് കോൺഗ്രസിന്റെ വൻ നേതൃനിര. ബുധനാഴ്ചയാണു പ്രിയങ്ക വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപഴ്സൺ സോണിയ ഗാന്ധി, ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധി എന്നിവർ പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും.
വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും എത്തും. രാവിലെ 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ നേതാക്കൾ അണിനിരക്കും. വരണാധികാരിയായ ജില്ലാ കലക്ടർക്കു മുൻപാകെ 12 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കും. 10 ദിവസം പ്രിയങ്ക മണ്ഡലത്തിൽ പ്രചാരണം നടത്തും.
രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ മണ്ഡലത്തിൽ 3 ദിവസം മാത്രമാണുണ്ടായത്. 2 തവണ രാഹുല്‍ മത്സരിച്ചപ്പോഴും പ്രിയങ്ക വയനാട്ടിൽ വോട്ടഭ്യർഥിക്കാൻ എത്തിയിരുന്നു. എന്നാൽ സോണിയ എത്തിയിരുന്നില്ല. ഏറെ നാളുകൾക്കു ശേഷമാണു സോണിയ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നത്. കന്നി മത്സരത്തിനിറങ്ങുന്ന പ്രിയങ്കയെ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു കോൺഗ്രസിന്റെ പ്രവർത്തനം.