ADVERTISEMENT

കൊച്ചി ∙ സ്കൂൾ യൂണിഫോം ധരിക്കാത്തതിന്റെ പേരിൽ വിദ്യാർഥിനിയെ വഴക്കു പറയുകയും വീട്ടിൽ പറഞ്ഞുവിടുകയും ചെയ്ത പ്രിൻസിപ്പലിനെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. സ്കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം ധരിക്കണമെന്ന് നിർബന്ധം പിടിച്ചതെന്നും അതിന്റെ പേരിൽ പ്രിൻസിപ്പലിനെതിരെ ചുമത്തിയ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75–ാം വകുപ്പ് നിലനിൽക്കില്ലെന്നും ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി. 

തൃശൂർ ജില്ലയിലെ സ്കൂളിൽ 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർഥിനി പരീക്ഷാഫലം അറിയുന്നതിനും അടുത്ത അധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങൾ വാങ്ങാനുമാണ് സ്കൂളിലെത്തിയത്. ഇതിനിടെ പ്രിൻസിപ്പലിനെ അഭിവാദ്യം ചെയ്തപ്പോൾ എന്തുകൊണ്ടാണ് യൂണിഫോം ധരിക്കാതെ വന്നതെന്ന് പ്രിൻസിപ്പൽ ചോദിച്ചു. തുടർന്ന് യൂണിഫോം ധരിച്ചുവരാൻ ആവശ്യപ്പെട്ട് വിദ്യാർഥിനിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു എന്നാണ് പരാതി. അവധി സമയമായതിനാൽ യൂണിഫോം ധരിച്ച് സ്കൂളിൽ വരണമെന്ന് നിർബന്ധമില്ല. എന്നാൽ പ്രിൻസിപ്പലിന്റെ പെരുമാറ്റം വിദ്യാർഥിനിക്ക് അനാവശ്യമായ മാനസികവിഷമം ഉണ്ടാക്കിയെന്നും പരാതിക്കാർ പറയുന്നു. 

പരാതിക്കാരിയായ വിദ്യാർഥിനിയുടെ മാതാവ് അതേ സ്കൂളിലെ അധ്യാപികയായിരുന്നു. ഈ അധ്യാപികയെ പരീക്ഷാനടത്തിപ്പ് ചുമതലയിൽ വീഴ്ച വരുത്തിയതിന് പ്രിൻസിപ്പൽ മെമ്മോ നൽകിയിരുന്നുവെന്നും, ഇതിനു ശേഷമാണ് യൂണിഫോം സംബന്ധിച്ച പരാതി ഉയർന്നതെന്നും പ്രിൻസിപ്പല്‍ വാദിച്ചു. കേസ് ജെജെ ആക്ടിന്റെ പരിധിയിൽ വരില്ലെന്നും പ്രിൻസിപ്പൽ വാദിച്ചു.

English Summary:

High Court Upholds School's Right to Enforce Dress Code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com