ADVERTISEMENT

പാലക്കാട്∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന പി.വി.അൻവർ എംഎൽഎയുടെ ഉപാധി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചേലക്കരയിലെ സ്ഥാനാർഥി പിൻമാറണമെന്ന ഉപാധി വച്ചുള്ള ഒരു ചർച്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ടെയും ചേലക്കരയിലെയും അൻവറിന്റെ സ്ഥാനാർഥികളെ പിൻവലിക്കണമെന്ന് യുഡിഎഫ് അഭ്യർഥിച്ചിരുന്നു. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിച്ചാൽ പാലക്കാട്ടെ തന്റെ സ്ഥാനാർഥിയെ പിൻവലിക്കാമെന്നാണ് അൻവർ മറുപടി നൽകിയത്. ഈ നിർദേശം യുഡിഎഫ് നേതൃത്വം തള്ളി.

‘‘രണ്ടു സ്ഥാനാർഥിയെയും പിൻവലിക്കാനാണ് അൻവറിനോട് യുഡിഎഫ് ആവശ്യപ്പെട്ടത്. യുഡിഎഫിനോട് അഭ്യർഥിക്കാൻ അൻവർ പറഞ്ഞു. മുന്നണി അഭ്യർഥിച്ചു. അപ്പോൾ അൻവർ പറഞ്ഞത് ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിക്കണമെന്നാണ്. ഇത്തരം തമാശ പറയരുത്. അൻവർ സൗകര്യമുണ്ടെങ്കിൽ ചെയ്താൽ മതി. അൻവറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ല.

രമ്യ ഹരിദാസിനെ മാറ്റാനല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത്. അൻവറിനു മുന്നിൽ വാതിൽ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല. അൻവർ സ്ഥാനാർഥിയെ പിൻവലിച്ചാലും ഇല്ലെങ്കിലും യുഡിഎഫിനെ ബാധിക്കില്ല. അൻവർ ഞങ്ങളുടെ കൂട്ടത്തിലുള്ള ആളല്ല. എൽഡിഎഫിൽ ഉണ്ടായിരുന്ന ആളാണ്’’– വി.ഡി.സതീശൻ പറഞ്ഞു. 

വർഗീയ ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിൽ യോജിക്കാവുന്നവർ യോജിക്കുന്നത് നല്ലതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. പി.വി.അൻവർ നെഗറ്റീവായോ പോസിറ്റീവായോ പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ അദ്ദേഹം പ്രവർത്തിക്കണം. പി.വി.അൻവർ യുഡിഎഫിലേക്ക് വരുമോയെന്ന ചോദ്യത്തിന്, അങ്ങനെ സന്ദർഭമുണ്ടാകുമ്പോൾ പരിശോധിക്കാമെന്നായിരുന്നു മറുപടി.

English Summary:

"Congress Will Not Bow to P.V. Anvar's Demands"- V.D. Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com