ADVERTISEMENT

ന്യൂഡൽഹി∙ ഖലിസ്ഥാൻ വിഘടനവാദി ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ പദ്ധതിയിട്ടതിന്റെ പേരിൽ എഫ്ബിഐ അറസ്റ്റ് വാറന്റ് പുറത്തിറക്കിയ ഹരിയാന സ്വദേശി. ആരാണ് യഥാർഥത്തിൽ വികാഷ് യാദവ്? പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിൽ മുൻ റോ ഉദ്യോഗസ്ഥന് പങ്കുണ്ടോ? കൊലപാതക ശ്രമം, ഗൂഢാലോചന, കള്ളപണം വെളുപ്പിക്കൽ തുടങ്ങി 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് വികാഷ് യാദവിനെതിരെ യുഎസ് നീതിന്യായ വകുപ്പ് ചുമത്തിയിരിക്കുന്നത്.

39 വയസുകാരനായ വികാഷ് യാദവ്  പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഭാഗമായ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നെന്നാണ് വിവരം. സുരക്ഷാ വിഭാഗത്തിലും രഹസ്യാന്വേഷണ വിഭാഗത്തിലും ചുമതലയുള്ള മുതിർന്ന ഫീൽഡ് ഓഫിസറായിരുന്നു വികാഷ് യാദവ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിലെ (സിആർപിഎഫ്) മുൻ അസിസ്റ്റന്റ് കമാൻഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കൗണ്ടർ ഇന്റലിജൻസ്, യുദ്ധവിമാനം, ആയുധങ്ങൾ, പാരച്യൂട്ടിങ് എന്നിവയിൽ പ്രത്യേക പരിശീലനവും വികാഷിന് ലഭിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ന്യൂയോർക്ക് സിറ്റിയിൽ താമസിച്ചിരുന്ന സിഖ് ഫോർ ജസ്റ്റിസ് നേതാവായ ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലാണ് വികാഷ് യാദവിനെതിരെ യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയത്. 2023 മേയ് മാസത്തിൽ വികാഷ് കൊലപാതകം സംബന്ധിച്ച ഗൂഢാലോചന ആരംഭിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിനായി ന്യൂയോർക്കിൽ നിന്നുള്ള ഒരു വാടകക്കൊലയാളിയെ നിഖിൽ ഗുപ്ത എന്നയാൾ വഴി നിയോഗിച്ചുവെന്നും പറയുന്നു. കൊലപാതകത്തിന് 1,00,000 ഡോളർ നൽകാമെന്നായിരുന്നു കരാറെന്നും മുൻകൂറായി 15,000 ഡോളർ പണമായി നൽകാൻ വികാഷ് ഏർപ്പാടുകൾ ചെയ്തിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

2023 ജൂണിൽ, പന്നുവിനെ കുറിച്ചുള്ള വിലാസങ്ങളും ഫോൺ നമ്പറുകളും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ വികാഷ് യാദവ്, നിഖിൽ ഗുപ്തയ്ക്ക് നൽകുകയും ചെയ്തിരുന്നു. 2023 ജൂൺ 20ന് നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക യുഎസ് സന്ദർശന സമയത്ത് കൊലപാതകം നടക്കരുതെന്നും നിഖിൽ ഗുപ്തയ്ക്ക് നിർദേശം ലഭിച്ചിരുന്നതായി ആരോപണമുണ്ട്.

നിഖിൽ ഗുപ്ത ഈ വർഷം ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ വച്ച് അറസ്റ്റിലായിരുന്നു. പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്ന് നിഖിലിനെ പിന്നീട് യുഎസിന് കൈമാറി. കൊലപാതകം ഏകോപിപ്പിക്കാനാണ് നിഖിൽ ഗുപ്ത ചെക്ക് റിപ്പബ്ലിക്കിലേക്ക് കടന്നതെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാൽ നിഖിൽ അറസ്റ്റിലായതോടെ പന്നുവിനെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നാണ് യുഎസിന്റെ ഭാഷ്യം.

2023 ജൂണിൽ മറ്റൊരു ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിനെ പിന്നാലെയാണ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതി ആവിഷ്കരിച്ചതെന്നാണ് യുഎസ് നീതിന്യായ വകുപ്പ് പറയുന്നത്. അതേസമയം വികാഷ് യാദവ് നിലവിൽ ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ലെന്നാണ് ഇന്ത്യയുടെ വാദം. വികാഷ് യാദവ് സർവീസിൽ നിന്ന് വിരമിച്ചുവെന്നും ആരോപണങ്ങൾക്ക് പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അതേസമയം, തനിക്കെതിരെയുള്ളത് വ്യാജ വാർത്തകളാണെന്നു വികാഷ് പറഞ്ഞതായാണ് ബന്ധു അവിനാശ് യാദവ് വ്യക്തമാക്കുന്നത്. ‘വികാഷ് സിആർപിഎഫിൽ ഡപ്യൂട്ടി കമാൻഡന്റ് ആണെന്നാണു പറഞ്ഞത്. 2009ൽ സേനയിൽ ചേർന്ന അദ്ദേഹം പാരാട്രൂപ്പറായും പരിശീലനം നേടി. രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് എന്നതിനെപ്പറ്റി ഞങ്ങൾക്കറിയില്ല’– അവിനാശ് പറഞ്ഞു. എന്നാൽ, വികാഷ് എവിടെയാണെന്ന ചോദ്യത്തിന് അക്കാര്യം അറിയില്ലെന്നാണ് അവിനാശിന്റെ മറുപടി. അതിർത്തി രക്ഷാസേനാ ഉദ്യോഗസ്ഥനായിരുന്ന വികാഷിന്റെ അച്ഛൻ, 2007ൽ സർവീസിലിരിക്കെ മരിച്ചിരുന്നു. സഹോദരൻ ഹരിയാന പൊലീസിലാണ് ജോലി ചെയ്യുന്നത്.

English Summary:

Vikas Yadav wanted by US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com