ADVERTISEMENT

ന്യൂഡൽഹി∙ നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടൻ സിദ്ദിഖിനു താൽക്കാലിക ജാമ്യം നൽകിയതു പീഡനപരാതിയുമായി മുന്നോട്ടുവന്ന സിനിമാരംഗത്തെ മറ്റു സ്ത്രീകളുടെ മനോവീര്യം കെടുത്തിയെന്നു സംസ്ഥാന സർക്കാർ. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് 5 വർഷത്തിനു ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. അതേ തുടർന്ന് 30 കേസുകളും റജിസ്റ്റർ ചെയ്തു. എന്നാൽ, പരാതി നൽകാൻ തയാറായവരുടെ മനോവീര്യം കെടുത്തുന്നതാണ് സിദ്ദിഖിനു ജാമ്യം നൽകിയ നടപടിയെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാർ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരും പരാതിക്കാരിയുടെ അഭിഭാഷകയും ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകാൻ സാവകാശം വേണമെന്ന നിലപാട് സിദ്ദിഖിന്റെ അഭിഭാഷകൻ വി.ഗിരി സ്വീകരിച്ചതോടെ കോടതി ഇതനുവദിച്ചു. 

സിദ്ദിഖിന്റെ വാദങ്ങളെ എതിർക്കാൻ താൽക്കാലിക ജാമ്യത്തിലുള്ള സിദ്ദിഖ് തെളിവു നശിപ്പിക്കുന്നുവെന്ന വാദമാണ് കേരള സർക്കാർ കോടതിയിൽ ആവർത്തിച്ചുയർത്തിയത്. എന്നാൽ, 8 വർഷം മുൻപു നടന്ന സംഭവത്തിൽ തെളിവു വളരെ നേരത്തേ നശിപ്പിക്കാമായിരുന്നല്ലോ എന്ന ചോദ്യം ബെഞ്ച് തന്നെ ഉന്നയിച്ചു. സിദ്ദിഖിന്റെ അഭിഭാഷകനും ഇതുതന്നെ ആവർത്തിച്ചു. പരാതി ഇത്രയും കാലം വൈകിയത് എന്തുകൊണ്ടെന്ന ചോദ്യം ജസ്റ്റിസ് ബേല എം. ത്രിവേദി ഇന്നും ആവർത്തിച്ചു. എന്നാൽ, വിഷയം തുടർച്ചയായി ഫെയ്സ്ബുക്കിലൂടെ ഉന്നയിക്കുന്നുണ്ടെന്നായിരുന്നു കേരള സർക്കാരിന്റെ പ്രതികരണം. ചോദ്യങ്ങൾക്കു മറുപടി നൽകാതെ എഴുതിയുള്ള മറുപടിയാണ് സിദ്ദിഖ് നൽകുന്നതെന്നു കേരള സർക്കാർ ചൂണ്ടിക്കാട്ടി. തനിക്കൊന്നും ഹാജരാക്കാനില്ലെന്നുള്ള മറുപടിയാണ് രേഖാമൂലം നൽകുന്നത്. മാത്രവുമല്ല, കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങിയ ഫെയ്സ്ബുക്ക് അക്കൗണ്ട് സിദ്ദിഖ് ഇല്ലാതാക്കി. അതേക്കുറിച്ചുള്ള വിവരങ്ങൾക്കായി ഇനി തേർഡ് പാർട്ടിയെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടെന്നും അന്വേഷണത്തിലെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി കേരള സർക്കാർ വാദിച്ചു. 

അതിനിടെ, സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് അതിജീവിതയുടെ അഭിഭാഷക വൃന്ദ ഗ്രോവർ പറഞ്ഞു.‘‘8 വർഷവും അതിജീവിത നിശബ്ദയായിരിക്കുകയായിരുന്നില്ല. ഇവർ തുടർച്ചയായി വിഷയം ഉന്നയിച്ചു. സൂപ്പർ സ്റ്റാറിനെതിരെ സംസാരിച്ചതിന്റെ വില സിനിമാരംഗത്ത് അതിജീവിതയ്ക്ക് നൽകേണ്ടി വന്നു. സൂപ്പർ സ്റ്റാറിനെതിരെ നീങ്ങുകയെന്നതു സിനിമയിൽ ബുദ്ധിമുട്ടാണ്’’–അതിജീവിതയുടെ അഭിഭാഷക വൃന്ദ ഗ്രോവർ വിശദീകരിച്ചു. അപ്പോഴും മറുപടിക്ക് സമയം ആവശ്യപ്പെട്ട സിദ്ദിഖിന്റെ ആവശ്യം അംഗീകരിക്കുകയാണെന്ന് കോടതി സൂചിപ്പിച്ചു. കേസ് ഇനിയെന്നു പരിഗണിക്കുമെന്നു വ്യക്തമാക്കി നിശ്ചിത തിയതി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കോടതി അതിനു തയാറായില്ല. സിദ്ദിഖിന്റെ ആവശ്യപ്രകാരം, മറുപടിക്ക് സാവകാശം നൽകുന്നുവെന്ന് കോടതി വ്യക്തമാക്കി. അതിനിടെ, കഴിഞ്ഞതവണ സിദ്ദിഖിനായി ഹാജരായ മുകുൾ റോഹത്ഗി ഇടപെട്ടെങ്കിലും ഒരു കക്ഷിക്കായി ഒരാളെ മാത്രമേ ഹാജാരാക്കാൻ അനുവദിക്കുവെന്ന് കോടതി തമാശരൂപേണ പറഞ്ഞതോടെ റോഹത്ഗി പിൻവാങ്ങി. സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കറും ഹാജരായി. സർക്കാരും അതിജീവിതയും ഉയർത്തിയ ശക്തമായ എതിർപ്പിനിടയിലും ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി ജഡ്ജിമാരായ ബേല എം. ത്രിവേദി, സതീശ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് മാറ്റി.

English Summary:

Supreme Court Adjourns Actor Siddique's Bail Plea in Sexual Assault Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com