‘സമാധാനത്തിനായി എന്തു പങ്കുവഹിക്കാനും ഇന്ത്യ സന്നദ്ധം; റഷ്യ–യുക്രെയ്‌ൻ യുദ്ധം അവസാനിക്കണം’
Mail This Article
കസാൻ∙ റഷ്യ–യുക്രെയ്‌ൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടി നടക്കുന്ന റഷ്യയിലെ കസാനിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.
‘‘റഷ്യ–യുക്രെയ്‌ൻ സംഘർഷവുമായി ബന്ധപ്പെട്ട് ഞങ്ങൾ നിരന്തര ആശയവിനിമയം നടത്താറുണ്ട്. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. എത്രയും വേഗം സമാധാനവും സ്ഥിരതയും തിരികെ സ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകും. സമാധാനത്തിനായി എന്തു പങ്കുവഹിക്കാനും ഇന്ത്യ സന്നദ്ധരാണ്.’’–മോദി പറഞ്ഞു.
ഇന്ത്യ–റഷ്യ ബന്ധം കൂടുതൽ ശക്തമായെന്നു പുട്ടിൻ പറഞ്ഞു. ബ്രിക്സിന്റെ സ്ഥാപക അംഗങ്ങളെന്ന നിലയിൽ ഇന്ത്യയുമായുള്ള സഹകരണത്തിന് റഷ്യ വലിയ മൂല്യമാണ് നൽകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുന്നതിന് നമ്മൾ സാക്ഷ്യം വഹിക്കുന്നുണ്ട്. ഞങ്ങളുടെ വിദേശകാര്യ മന്ത്രിമാർ തമ്മിൽ നിരന്തരം ബന്ധപ്പെടുന്നു. വാണിജ്യബന്ധത്തിലും വളർച്ചയാണുള്ളതെന്നും പുട്ടിൻ പറഞ്ഞു.