ജെപിസി യോഗത്തിൽ ഏറ്റുമുട്ടി ബിജെപി, തൃണമൂൽ എംപിമാർ; ചില്ലുകുപ്പി മേശയിൽ എറിഞ്ഞുടച്ച് കല്യാൺ ബാനർജി– വിഡിയോ
Mail This Article
ന്യൂഡൽഹി∙ വഖഫ് ബില്ലുമായി ബന്ധപ്പെട്ട ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) യോഗത്തിൽ കയ്യാങ്കളി. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും യോഗത്തിനിടെ ഏറ്റുമുട്ടിയതോടെ യോഗം നിർത്തിവച്ചു. വാഗ്വാദം രൂക്ഷമായതോടെ കല്യാൺ ബാനർജി ചില്ലുകുപ്പി മേശയിൽ എറിഞ്ഞുടച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വിരലുകൾക്ക് മുറിവേറ്റു. ബാനർജിക്ക് ഉടൻ പ്രാഥമിക ശുശ്രൂഷ നൽകിയതായാണ് വിവരം.
തുടർന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയും എഎപി നേതാവ് സഞ്ജയ് സിങ്ങും ചേർന്ന് കല്യാൺ ബാനർജിയെ ആശുപത്രിയിലെത്തിച്ചു. സംഭവങ്ങളെ തുടർന്ന് അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന് കല്യാൺ ബാനർജിയെ ജെപിസി യോഗത്തിൽനിന്ന് ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.
ബിജെപി എംപി ജഗദംബിക പാലിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റി, വഖഫ് ബിൽ വിഷയത്തിൽ ഏതാനും വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായങ്ങൾ കേൾക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. ജഡ്ജിമാർക്കും അഭിഭാഷകർക്കും വഖഫ് ബില്ലിൽ എന്തു കാര്യമെന്ന് പ്രതിപക്ഷാംഗങ്ങൾ ചോദിച്ചു. തുടർന്നായിരുന്നു അനിഷ്ട സംഭവങ്ങൾ.