സൽമാൻ ഖാൻ നിൽക്കാറുള്ള സ്ഥലം മനസ്സിലാക്കി;ലക്ഷ്യമിട്ടത് വധിക്കാൻ: പ്രതിയുടെ ജാമ്യം നിഷേധിച്ചു
Mail This Article
മുംബൈ ∙ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്കു നേരെ ഏപ്രിൽ 14ന് വെടിയുതിർത്ത സംഭവത്തിൽ പിടിയിലായ വിക്കി ഗുപ്തയ്ക്കു കോടതി ജാമ്യം നിഷേധിച്ചു. വീടിനു നേരെ വെടിയുതിർത്തത് താരത്തെ വധിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് കണ്ടെത്തിയാണു കോടതി ഹർജി തള്ളിയത്. നേരത്തേ, ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയ് വെടിവയ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
വെടിയുതിർത്തതു താരത്തെ ഭയപ്പെടുത്താനാണെന്നും വകവരുത്തണമെന്ന ലക്ഷ്യം തങ്ങൾക്കുണ്ടായിരുന്നില്ലെന്നും കേസിലെ പ്രതികളിലൊരാളായ വിക്കി ഗുപ്ത ജാമ്യാപേക്ഷയിൽ അറിയിച്ചിരുന്നു. ‘ബിഹാറിലെ ഗ്രാമത്തിൽ ജനിച്ച് വളർന്നയാളാണ്. തമിഴ്നാട്ടിലാണ് മുൻപ് ജോലി ചെയ്തിരുന്നത്. കോവിഡ് സമയത്ത് ജോലി പോയതോടെയാണു കുറ്റകൃത്യങ്ങളിലേക്കു തിരിഞ്ഞത്. ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘവുമായി നേരിട്ട് ബന്ധമില്ല. അവരുടെ ആശയങ്ങളോട് അനുഭാവമുണ്ട്’– എന്നെല്ലാം ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.
അതേസമയം, പൊലീസ് ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. സൽമാൻ സാധാരണ ബാൽക്കണിയിൽ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ടെന്നും അത്തരത്തിൽ സാധാരണ നിൽക്കാറുള്ള ദിശയിലാണു പ്രതികൾ വെടിയുതിർത്തതെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. 2018 മുതൽ ബിഷ്ണോയ് സംഘത്തിൽ നിന്നു സൽമാൻ ഭീഷണി നേരിടുന്നുണ്ട്. പൻവേലിലെ ഫാം ഹൗസിൽ വച്ച് സൽമാനെ വധിക്കാൻ പദ്ധതിയിട്ട മറ്റൊരു കേസിലും പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.