ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിലെ പ്രസിഡന്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനു മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സിന്റെ പിന്തുണ. തിരഞ്ഞെടുപ്പു പ്രചാരണത്തിനു കമലയ്ക്കു 50 ദശലക്ഷം ഡോളർ ബിൽ ഗേറ്റ്സ് സംഭാവന നൽകി. കമലയ്ക്കായി പ്രവർത്തിക്കുന്ന എൻജിഒയ്ക്കാണു സംഭാവന നൽകിയതെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെതിരെ മത്സരിക്കുന്ന കമലയ്ക്കു ഗേറ്റ്സ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ സംഭാവന വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു നിർദേശം. ട്രംപ് രണ്ടാമതും പ്രസിഡന്റാവുന്നതിൽ, സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണത്തിൽ ഗേറ്റ്സ് ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാൽ കുടുംബാസൂത്രണത്തിനും ആഗോള ആരോഗ്യ പരിപാടികൾക്കുമുള്ള വിഹിതത്തിൽ കുറവുണ്ടാകുമെന്നു ഗേറ്റ്സിന്റെ ജീവകാരുണ്യ സംഘടനയായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന് ആശങ്കയുണ്ട്.

2 സ്ഥാനാർഥികൾക്കൊപ്പവും തനിക്കു പ്രവർത്തിക്കാൻ കഴിയുമെന്നു ഗേറ്റ്സ് പ്രതികരിച്ചു. ‘‘ഈ തിരഞ്ഞെടുപ്പ് വ്യത്യസ്തമാണ്. ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിനും യുഎസിലും ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനും പ്രതിബദ്ധത പ്രകടിപ്പിക്കുന്ന സ്ഥാനാർഥികളെ പിന്തുണയ്ക്കും. രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കളുമായി പ്രവർത്തിക്കുന്നതിൽ എനിക്ക് ദീർഘകാല പാരമ്പര്യമുണ്ട്’’– ഗേറ്റ്സ് പറഞ്ഞു. 

ഗേറ്റ്സിന്റെ മുൻ ഭാര്യ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ് പരസ്യമായി കമലയെ അംഗീകരിച്ചിരുന്നു. ഫോബ്സിന്റെ കണക്കനുസരിച്ച് ഇതുവരെ 81 ശതകോടീശ്വരർ കമലയെ പിന്തുണച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ ഇലോൺ മസ്ക് ട്രംപിനെയാണു പിന്തുണയ്ക്കുന്നത്.

English Summary:

Bill Gates Pours $50 Million into Kamala Harris' Campaign Amid Trump Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com