ഡാന ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളിൽ മുന്നറിയിപ്പ്
Mail This Article
ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ഇന്നു തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചെന്നൈ, കടലൂർ, നാഗപട്ടണം, എന്നൂർ, കാട്ടുപള്ളി, പാമ്പൻ, തൂത്തുക്കുടി, പുതുച്ചേരി, കാരയ്ക്കൽ എന്നീ തുറമുഖങ്ങളിലാണു മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ന്യൂനമർദം ശക്തി പ്രാപിച്ച് 25നു പുലർച്ചെ വടക്കൻ ഒഡീഷ, ബംഗാൾ തീരങ്ങൾക്കിടയിൽ കര തൊടുമെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ന്യൂനമർദം മാറുമെന്നും മുന്നറിയിപ്പുണ്ട്. ഡാന എന്നാണു ചുഴലിക്കാറ്റിനു പേരിട്ടത്. തമിഴ്നാട്, ആന്ധ്ര, കർണാടക മേഖലകളിലേക്കടക്കമുള്ള 28 ട്രെയിനുകൾ ഈസ്റ്റ് കോസ്റ്റ് റെയിൽവേ റദ്ദാക്കി.