കല്ലടിക്കോട് വാഹനാപകടം: ‘കാർ അമിതവേഗത്തിൽ; തെറ്റായ ദിശയിലെത്തി ലോറിയിലേക്ക് ഇടിച്ചുകയറി’
Mail This Article
പാലക്കാട് ∙ കല്ലടിക്കോട് അപകടത്തിൽപ്പെട്ട കാർ അമിതവേഗത്തിൽ ആയിരുന്നെന്നു പൊലീസ്. കാറിൽനിന്നു മദ്യക്കുപ്പി കണ്ടെത്തിയെന്നും യാത്രക്കാർ മദ്യപിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും കല്ലടിക്കോട് പൊലീസ് പറഞ്ഞു. കാറും ലോറിയും കൂട്ടിയിടിച്ച് 5 പേരാണു മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെറ്റായ ദിശയിലെത്തിയ കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നെന്നും അമിതവേഗമാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനമെന്നും കല്ലടിക്കോട് സിഐ എം.ഷഹീർ പറഞ്ഞു.
അപകടകാരണം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. പാലക്കാട്–കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപം ഇന്നലെ രാത്രി 11നായിരുന്നു അപകടം. പാലക്കാടു ഭാഗത്തു നിന്നെത്തിയ കാറും എതിരെ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെ അടിയിലേക്കു കാർ ഇടിച്ചുകയറിയ നിലയിലാണ്. കോങ്ങാട് സ്വദേശികളായ വിജേഷ്, മുഹമ്മദ് അഫ്സൽ, വീണ്ടപ്പാറ സ്വദേശി രമേശ്, വെള്ളയന്തോട് സ്വദേശി വിഷ്ണു എന്നിവരാണു മരിച്ചത്. പാലക്കാട് തച്ചമ്പാറ സ്വദേശി മഹേഷാണ് മരിച്ച അഞ്ചാമത്തെയാള്‍. മഹേഷിനെ പിന്നീടാണു തിരിച്ചറിഞ്ഞത്.
5 പേരാണു കാറിലുണ്ടായിരുന്നത്. ഇവരിൽ 3 പേർ തൽക്ഷണം മരിച്ചു. 2 പേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ഹൈവേ പൊലീസും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനെത്തിച്ച് വാഹനങ്ങൾ നീക്കിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫും എൽഡിഎഫും തിരഞ്ഞെടുപ്പ് പരിപാടികൾ ഉച്ചവരെ റദ്ദാക്കി.