ADVERTISEMENT

ഭുവനേശ്വർ ∙ ഡാന ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായി ഒഡീഷ. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ഇന്നു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണു മുന്നറിയിപ്പ്. ഡാന ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ആഘാതം സൃഷ്ടിക്കുമെന്നു കരുതി, മുൻ അനുഭവങ്ങളുടെ പിൻബലത്തിലാണു സർക്കാരിന്റെ തയാറെടുപ്പ്.

  • Also Read

മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗത്തിൽ വീശുന്ന ചുഴലിക്കാറ്റ്, 24ന് രാത്രിയിലും 25ന് പുലർച്ചെയുമായി പുരിക്കും സാഗർ ദ്വീപിനും ഇടയിലൂടെയാണു വടക്കൻ ഒഡീഷ, ബംഗാൾ തീരങ്ങളിലൂടെ കടന്നുപോവുക. ബാലസോർ, ഭദ്രക്, മയൂർഭഞ്ച്, ജഗത്സിങ്‌പുർ, പുരി തുടങ്ങിയ ജില്ലകളിൽ വലിയ ആഘാതം ഉണ്ടാകുമെന്നാണു കണക്കുകൂട്ടുന്നത്. കലക്ടർമാരായിരിക്കെ ചുഴലിക്കാറ്റ് ദുരന്തം നേരിട്ടുപരിചയമുള്ള 6 മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാൻ ഈ ജില്ലകളിൽ വിന്യസിച്ചു.

ചുഴലിക്കാറ്റടിക്കുന്ന ജില്ലകളിലെ സമീപ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. 14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ അവധി നൽകി. ഈസ്റ്റ് കോസ്റ്റ് റെയിൽവെ 200 ട്രെയിനുകൾ റദ്ദാക്കി. നേരത്തേതു പോലെ, ഒരാളുടെ പോലും ജീവൻ നഷ്ടമാകരുതെന്ന ചിന്തയിൽ അപകടസാധ്യതാ പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.

“ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവരെ മാറ്റിപ്പാർപ്പിക്കുന്നതിനാണു മുൻഗണന. 800ലേറെ വിവിധോദ്ദേശ്യ ഷെൽട്ടറുകൾക്കു പുറമെ, സ്കൂൾ, കോളജ് കെട്ടിടങ്ങളിലായി 500 താൽക്കാലിക ക്യാമ്പുകളും ഒരുക്കി. പാകം ചെയ്ത ഭക്ഷണം ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ക്യാമ്പുകളിൽ ഉറപ്പാക്കും”– സംസ്ഥാന റവന്യു, ദുരന്ത നിവാരണ മന്ത്രി സുരേഷ് പുജാരി പറഞ്ഞു. എല്ലാ എം‌എൽ‌എമാരും അവരവരുടെ നിയോജക മണ്ഡലങ്ങളിൽ തുടരണമെന്നു മുഖ്യമന്ത്രി മോഹൻ ചരൺ മാജി ആവശ്യപ്പെട്ടു.

ഒഡീഷ ദുരന്ത പ്രതികരണ സേനയുടെ 20 ടീമുകളെയും ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ അവധി റദ്ദാക്കി ആരോഗ്യ കേന്ദ്രങ്ങളിലേക്കു തിരികെ വിളിച്ചു. വയറിളക്കം, വിഷചികിത്സാ ഇഞ്ചക്‌‌ഷനുകൾ ഉൾപ്പെടെ മതിയായ മരുന്നുകൾ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. സംസ്ഥാന സർക്കാരിന്റെ നിർദേശത്തെ തുടർന്നു സഞ്ചാരികളും തീർഥാടകരും പുരിയിൽനിന്നു മടങ്ങുകയാണ്. എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും 2 ദിവസത്തേക്ക് അടച്ചിടുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു.

English Summary:

How Odisha is bracing to tackle cyclone Dana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com