ADVERTISEMENT

കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള ശൈത്യകാല വിമാന സർവീസുകളുടെ സമയവിവരപട്ടിക പ്രഖ്യാപിച്ചു. ഒക്ടോബർ 27 മുതൽ മാർച്ച് 29 വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. ഇപ്പോൾ നിലവിലുള്ള വേനൽക്കാല പട്ടികയിൽ ആകെ 1480  സർവീസുകളാണുള്ളത്. പുതിയ പട്ടികയിൽ ഇത് 1576 പ്രതിവാര സർവീസുകളാവും. 

രാജ്യാന്തര സെക്ടറിൽ 26, ആഭ്യന്തര സെക്ടറിൽ 7 എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ ഏറ്റവുമധികം സർവീസുള്ളത് അബുദാബിയിലേക്കാണ്- 67 പ്രതിവാര സർവീസുകൾ. ദുബായിലേക്ക് 46 സർവീസുകളും ദോഹയിലേക്ക് 31 സർവീസുകളും. പുതിയ ശൈത്യകാല സമയക്രമമനുസരിച്ച് യുഎഇയിലേക്കുള്ള മൊത്തം പ്രതിവാര സർവീസുകളുടെ എണ്ണം 134 ആണ്. രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ 51 ഓപ്പറേഷനുകൾ  നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ആണ് പട്ടികയിൽ ഒന്നാമത്. ഇത്തിഹാദ്- 28, എയർ അറേബ്യ അബുദാബി- 28, എയർ ഏഷ്യ- 18, എയർ ഇന്ത്യ- 17, എയർ അറേബ്യ, ആകാശ, എമിറേറ്റ്സ്, ഒമാൻ എയർ, സിംഗപ്പൂർ എയർലൈൻസ് - 14 വീതം എന്നിവരാണ് മറ്റ് പ്രമുഖ എയർലൈനുകൾ. തായ് എയർവേസ് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്കുള്ള പ്രീമിയം സർവീസുകൾ ആഴ്ചയിൽ 5 ദിവസമായി കൂട്ടി. ഇതോടെ കൊച്ചിയിൽനിന്ന് ബാങ്കോക്കിലേക്ക് പ്രതിവാരം 15 സർവീസ് ഉണ്ടാകും. തായ് എയർ ഏഷ്യ, തായ് ലയൺ എയർ എന്നീ സർവീസുകൾ ഉൾപ്പെടെയാണിത്. കൂടാതെ, വിയറ്റ്‌ജെറ്റ് വിയറ്റ്‌നാമിലേക്ക് പ്രതിദിന സർവീസുകൾ തുടങ്ങും. 

ആഭ്യന്തര സെക്ടറിൽ ബെംഗളൂരു- 112, മുംബൈ- 75, ഡൽഹി- 63, ചെന്നൈ- 61, ഹൈദരാബാദ് - 52, അഗത്തി - 15, അഹമ്മദാബാദ്, കൊൽ‍ക്കത്ത – 14 വീതം, പുണെ- 13, കോഴിക്കോട്, ഗോവ, കണ്ണൂർ, തിരുവനന്തപുരം – 7 വീതം, സേലം – 5 സർവീസുകളുമാണ് സിയാൽ ശൈത്യകാല സമയക്രമത്തിൽ പ്രവർത്തിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരു– 10,   ചെന്നൈ– 7,  പുണെ– 6,  ഹൈദരാബാദ് – 5 എന്നിങ്ങനെ അധികസർവീസ് നടത്തും. അഹമ്മദാബാദിലേക്ക് ആകാശ എയർ പ്രതിദിന അധിക വിമാനസർവീസുകൾ നടത്തും. രാജ്യാന്തര- ആഭ്യന്തര മേഖലയിൽ ആഴ്ചയിൽ 788 പുറപ്പെടലുകളും 788 ആഗമനങ്ങളുമാണ് ഉണ്ടാവുക.

2023-24 സാമ്പത്തിക വർഷത്തിൽ 1000 കോടി ക്ലബിൽ പ്രവേശിച്ച സിയാൽ, ഒരു കലണ്ടർ വർഷത്തിലും സാമ്പത്തിക വർഷത്തിലും 10 ദശലക്ഷം യാത്രക്കാർ എത്തിച്ചേർന്ന കേരളത്തിലെ ഏക വിമാനത്താവളമായി മാറി. ഇന്ത്യൻ വ്യോമയാന മേഖലയിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസൃതമായി സൗകര്യങ്ങൾ നടപ്പിലാക്കാൻ കമ്പനി ശ്രമിക്കുകയാണെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. യാത്രക്കാരുടെ വർധന കണക്കിലെടുത്തു സിയാൽ അതിന്റെ രാജ്യാന്തര ടെർമിനൽ (ടി 3) വികസനം നടപ്പിലാക്കുന്നുണ്ട്.

English Summary:

Kochi Airport Expands Winter Flight Schedule with 1576 Weekly Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com