ADVERTISEMENT

കൊച്ചി ∙ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോൻസൻ മാവുങ്കൽ ബലാൽസംഗ കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. വീട്ടുജോലിക്കാരിയുടെ മകളെ ബലാൽസംഗം ചെയ്തു എന്ന കുറ്റത്തിന് എറണാകുളം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയുടെ മുമ്പാകെയുള്ള കേസിലാണ് മോൻസൻ വിചാരണ നേരിടേണ്ടത്. വിചാരണ നടപടികൾ നി‍ർത്തി വച്ചിരുന്നത് പുനരാരംഭിക്കാനും ജസ്റ്റിസ് എ.ബദറുദീൻ ഉത്തരവിൽ വ്യക്തമാക്കി.

നേരത്തെ ഇതേ അതിജീവിതയെ പ്രായപൂർത്തിയാകുന്നതിനു മുൻപ് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പിന്നീട് ഗർഭം അലസിപ്പിക്കുകയും ചെയ്തു എന്ന കേസിൽ എറണാകുളം പോക്സോ കോടതി മോൻസനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. 2019 ജൂലൈയിൽ മോൻസൻ പീഡിപ്പിക്കുമ്പോൾ പെൺകുട്ടിക്ക് 17 വയസ്സായിരുന്നു പ്രായം. ഈ കേസിലാണ് മോൻസനെ പോക്സോ കോടതി ശിക്ഷിച്ചത്.

2020 ജനുവരി മുതൽ 2021 സെപ്റ്റംബർ വരെ മോൻസൻ ഇതേ പെൺകുട്ടിയെ ബലാൽസംഗം ചെയ്തിട്ടുണ്ടെന്ന് കാട്ടി മറ്റൊരു കേസും റജിസ്റ്റർ ചെയ്തിരുന്നു. ഈ സമയത്ത് പെൺകുട്ടി പ്രായപൂർത്തിയായിരുന്നു. എന്നാൽ ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന വകുപ്പുകൾ ചൂണ്ടിക്കാട്ടി ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മോൻസൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹർജി പരിഗണിച്ചുകൊണ്ടിരുന്നപ്പോൾ  കോടതി വിചാരണാ നടപടികൾ  താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. ആദ്യ കേസിൽ മോൻസനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിച്ചതാണെന്നും അതിനു ശേഷവും പീഡനം തുടർന്ന സാഹചര്യത്തിൽ അത് മറ്റൊരു കേസായി തന്നെ പരിഗണിച്ച് വിചാരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി ഇന്ന് അംഗീകരിക്കുകയായിരുന്നു. പോക്സോ കേസ് മരവിപ്പിക്കണണെമെന്ന മോൻസന്റെ ആവശ്യം നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.

English Summary:

Monson Mavunkal to Face Trial in Another Rape Case, Rules High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com