റെയിൽവേ സ്റ്റേഷനുകളിൽ ചുറ്റി നടന്ന് മൊബൈൽ മോഷ്ടിക്കും: യുവതിയും യുവാവും പിടിയില്‍
Mail This Article
കൊച്ചി ∙ കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ വെയിറ്റിങ് റൂമുകളിൽ ചുറ്റി നടന്ന് മൊബൈൽ മോഷ്ടിക്കുന്ന യുവതിയും യുവാവും പിടിയില്‍. എറണാകുളം റെയിൽവേ സംരക്ഷണ സേനയും ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മലപ്പുറം വളപ്പിൽ, ഒലക്ക സ്വദേശികളായ ജിഗ്നേഷ്, സോന എന്നിവരാണ് പൊലീസ് പിടിയിലായത്. പാലരുവി എക്സ്പ്രസിൽ ഇവർ ഉണ്ടെന്ന് അറിഞ്ഞ് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ ഇറക്കി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിലെ ഒട്ടുമിക്ക റെയിൽവേ സ്റ്റേഷനുകളിലേയും വെയിറ്റിങ് റൂമുകളിൽ കയറി മൊബൈൽ മോഷ്ടിച്ചെടുത്ത ശേഷം രക്ഷപ്പെടുകയാണ് ഇവരുടെ രീതി. മോഷ്ടിച്ച് കിട്ടുന്ന മൊബൈലുകൾ കോഴിക്കോട്, തിരൂർ, ആലുവ മുതലായ സ്ഥലങ്ങളിലെ മൊബൈൽ ഷോപ്പുകളിൽ വിറ്റ് കാശാക്കി ആർഭാട ജീവിതം നയിക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു. പിടിയിലായ പ്രതികളിൽ നിന്ന് 1,00,000 രൂപ വിലയുള്ള രണ്ടു ഫോണുകൾ കണ്ടെടുത്തു.
അടുത്ത ദിവസങ്ങളിൽ തൃശൂർ, ആലുവ, എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് മൊബൈലുകൾ മോഷണം പോയതുമായി ഈ പ്രതികൾക്ക് ബന്ധമുണ്ടോ എന്ന് പ്രത്യേക അന്വേഷണം നടത്തിവരുന്നു എന്ന് ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ.ജിപിൻ അറിയിച്ചു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.