ബിഹാർ ഉപതിരഞ്ഞെടുപ്പ്: പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്കു നിർണായകം; ജനപിന്തുണ ലഭിക്കുമോയെന്നു ആകാംക്ഷ
Mail This Article
പട്ന ∙ ബിഹാറിലെ നാലു നിയമസഭാ സീറ്റുകളിലേക്ക് നവംബർ 13നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്കു നിർണായകം. ജൻ സുരാജ് പാർട്ടിക്കു പ്രശാന്ത് കിഷോർ അവകാശപ്പെടുന്ന ജനപിന്തുണ ഉണ്ടോയെന്നു തിരഞ്ഞെടുപ്പു ഫലം വെളിവാക്കും. ജൻ സുരാജ് പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ലെങ്കിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുമോയെന്നാണു ഉറ്റു നോക്കുന്നത്. ഉപതിരഞ്ഞെടുപ്പു ഫലം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രശാന്ത് കിഷോറിന്റെ നീക്കങ്ങളെ സ്വാധീനിക്കും.
ഉപതിരഞ്ഞെടുപ്പിനു ജൻ സുരാജ് പാർട്ടി പ്രഖ്യാപിച്ച നാലു സ്ഥാനാർഥികളിൽ രണ്ടു പേരെ മാറ്റേണ്ടി വന്നതു തുടക്കത്തിലേ കല്ലുകടിയായി മാറിയിരുന്നു. തരാരി മണ്ഡലത്തിൽ ലഫ്.ജനറൽ (റിട്ട) കൃഷ്ണ സിങിന്റെ പേരാണു പ്രഖ്യാപിച്ചതെങ്കിലും സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ അദ്ദേഹത്തിനു പിന്മാറേണ്ടി വന്നു. പകരം കിരൺ സിങാണ് തരാരിയിൽ ജൻ സുരാജ് പാർട്ടി സ്ഥാനാർഥിയാക്കിയത്. ബേലാഗഞ്ച് മണ്ഡലത്തിൽ ആദ്യം പ്രഖ്യാപിച്ച ഖിലാഫത്ത് ഹുസൈനു പകരം മുഹമ്മദ് അംജദിനെ സ്ഥാനാർഥിയാക്കേണ്ടി വന്നു. ഉൾപ്പാർട്ടി സമ്മർദ്ദമാണു സ്ഥാനാർഥി മാറ്റത്തിന് കാരണമായതെന്നാണ് സൂചന. രാംഗഡിൽ സുശീൽ സിങ് ഖുശ്വാഹയും ഇമാംഗഞ്ചിൽ ജിതേന്ദ്ര പസ്വാനുമാണു ജൻ സുരാജ് പാർട്ടി സ്ഥാനാർഥികൾ.