കാർവാർ എംഎൽഎ സതീഷ് സെയിൽ അറസ്റ്റിൽ; സിബിഐ നടപടി ബെലെക്കേരി ഇരുമ്പയിര് കടത്ത് കേസിൽ
Mail This Article
ബെംഗളൂരു∙ ബെലേക്കേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎയും കോൺഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. സെയിലിനെയും മറ്റ് രണ്ട് പ്രതികളെയും ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കണമെന്നും കോടതി സിബിഐയോട് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
11,312 മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സതീഷ് സെയിൽ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി വിധിച്ചത്. ഇതിന് പിന്നാലെ വ്യാഴാഴ്ച വൈകുന്നേരത്തോടെ കാർവാറില്‍ നിന്നും അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. സതീഷ് സെയിലിനെയും അറസ്റ്റിലായ മറ്റ് 2 പ്രതികളെയും നാളെ ഉച്ചയ്ക്ക് 12.30ന് കോടതിയിൽ ഹാജരാക്കണമെന്ന് പ്രത്യേക കോടതി ജസ്റ്റിസ് സന്തോഷ് ഗജാനൻ ഭട്ട് സിബിഐയോട് ഉത്തരവിട്ടിരുന്നു.
കേസിൽ ഉൾപ്പെട്ട മല്ലികാർജുന ഷിപ്പിങ് കോർപ്പറേഷൻ കമ്പനി ഉടമയായ സതീഷ് സെയിലിനെതിരെയും ഫോറസ്റ്റ് ഓഫീസർ അടക്കമുള്ള മറ്റ് പ്രതികൾക്കെതിരെയും കേസ് അന്വേഷിച്ച സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അതിക്രമിച്ച് കടക്കൽ, അഴിമതി എന്നീ കുറ്റങ്ങളാണ് അഴിമതി നിരോധന നിയമപ്രകാരം ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിയ്ക്കൽ സ്വദേശി അർജുന്റെ രക്ഷാപ്രവർത്തനത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ആളാണ് സതീഷ് സെയിൽ. അർജുന്റെ മൃതദേഹത്തെ അനുഗമിച്ചെത്തിയ സതീഷ് സെയിലിനെ സ്നേഹാദരവോടെയാണ് കോഴിക്കോട് കണ്ണാടിയ്ക്കൽ ഗ്രാമം അന്ന് വരവേറ്റത്.