തൃശൂരിൽ 74 കേന്ദ്രങ്ങളിൽ ജിഎസ്ടി റെയ്ഡ്; പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം
Mail This Article
തൃശൂർ∙ സ്വർണാഭരണ നിർമാണ ഫാക്ടറികളിൽ അടക്കം നഗരത്തിൽ 74 കേന്ദ്രങ്ങളിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം. ഒരേസമയം വിവിധ സ്ഥാപനങ്ങളിലായി ഇന്നലെ വൈകിട്ട് 5ന് ആരംഭിച്ച പരിശോധന രാവിലെ പത്തുമണിയോടെയാണ് അവസാനിച്ചത്. ഓപ്പറേഷൻ ടോറെ ഡെൽ ഓറോ (സ്പെയിലുള്ള ടവർ ഓഫ് ഗോൾഡ് എന്ന ഗോപുരം) എന്ന പേരിലാണ് റെയ്ഡ്. 640 ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്. ആകെ 3.40 കോടി നികുതി അടപ്പിച്ചു.
സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് ആണ് ഇതെന്നാണു വിവരം. വീടുകളിലും ഫ്ലാറ്റുകളിലും പരിശോധന നടത്തി. കൊച്ചിയിലേക്ക് ട്രെയിനിങ് എന്നപേരിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് റെയ്ഡ് ആസൂത്രണം ചെയ്തത്. ജിഎസ്ടി സ്പെഷൽ കമ്മിഷണർ റെൻ ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ഈ ഏകോപനം. തൃശൂരിൽ എത്തിച്ചതിനുശേഷമായിരുന്നു ഉദ്യോഗസ്ഥരോട് റെയ്ഡിനെക്കുറിച്ചു പറഞ്ഞത്.
തൃശൂരിലെ ചെറുകിട സ്വർണവിൽപ്പന കേന്ദ്രങ്ങളിൽ ബിൽ നൽകാതെയാണു സ്വർണം വിൽക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഉദ്യോഗസ്ഥർ സ്റ്റോക് റജിസ്റ്ററും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു കണക്കിൽപ്പെടാത്ത സ്വർണമാണു പിടിച്ചെടുത്തതെന്ന് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ ദിനേശ് കുമാർ അറിയിച്ചു. ഇനിയിവർക്ക് നോട്ടിസ് നൽകി രേഖകൾ സമർപ്പിക്കാനും വിശദീകരണം നൽകാനും അവസരം നൽകും. അതിനുശേഷമാകും തുടർനടപടികൾ. പിടിച്ചെടുത്ത സ്വർണം ഇന്ന് ട്രഷറിയിലേക്കു മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.