ADVERTISEMENT

കൊച്ചി ∙ കാൽ നൂറ്റാണ്ടിലധികമായി കാടുപിടിച്ചു കിടക്കുന്ന നിർദിഷ്ട അങ്കമാലി – ശബരി റെയിൽപാതയ്ക്ക് വീണ്ടും ജീവൻവയ്പിക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സർക്കാർ. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാരും റെയിൽവേയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്നുള്ള ഒരു ത്രികക്ഷി കരാറിലൂടെ പദ്ധതി നടപ്പാക്കാനുള്ള കരാർ തയാറാക്കാൻ േകരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്, സംസ്ഥാന ഗതാഗത അഡീഷണൽ‍ സെക്രട്ടറി കത്തു നൽകി. ഈ മാസം 16ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന റെയിൽ മന്ത്രി വി.അബ്ദുറഹിമാനും കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയുടെ പിന്നാലെയാണ് പുതിയ തീരുമാനം.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആർബിഐ, റെയിൽവേ, സംസ്ഥാന സർക്കാർ എന്നിവരുള്‍പ്പെട്ട ത്രികക്ഷി കരാറിനെ കുറിച്ച് മഹാരാഷ്ട്ര മാതൃക കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ഇതേ മാതൃകയിൽ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിന് സംസ്ഥാന സർക്കാരും മുൻകൈ എടുത്തിരിക്കുന്നത്. 1997–98ൽ കേന്ദ്ര റെയിൽ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതിയാണ് 27 വർഷങ്ങൾക്കു ശേഷവും എവിടെയുമെത്താതെ നിൽക്കുന്നത്. ഇതിനിടെ, പദ്ധതി മുടങ്ങിക്കിടക്കുന്നതിന്റെ ഉത്തരവാദിത്തം കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുകയും ചെയ്തിരുന്നു. ഈയടുത്ത് പാർലമെന്റിൽ കേന്ദ്ര റെയിൽ സഹമന്ത്രി രവ്നീത് സിങ് പറഞ്ഞത് സംസ്ഥാന സർക്കാരിന്റെ നിസഹകരണം മൂലമാണ് പദ്ധതി മുന്നോട്ടു പോകാത്തത് എന്നായിരുന്നു. ഇതിനു പുറമെ ഭൂമി ഏറ്റെടുക്കലിനെതിരായ സമരവും കേസുകളും പദ്ധതിയെ പിന്നോട്ടടിച്ചു. ഇതിനിടെ പദ്ധതി ചെലവ് 2815 കോടി രൂപയിൽ നിന്ന് 3800 കോടി രൂപയായി ഉയർന്നു. 

അതേ സമയം, അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കി.മീ ഭൂമിയേറ്റെടുക്കൽ ആരംഭിച്ചിരുന്നു എന്നാണ് കേരളത്തിന്റെ വാദം. പദ്ധതി ചെലവിന്റെ 50 ശതമാനം വഹിക്കാൻ തയാറാണെന്നും സംസ്ഥാനം അറിയിച്ചിരുന്നു. കിഫ്ബിയാണ് പണം മുടക്കുന്നത് എന്നതിനാൽ ഈ വായ്പാബാധ്യത സംസ്ഥാനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം പദ്ധതിയുടെ കാര്യത്തിൽ കാലതാമസമുണ്ടാക്കുകയായിരുന്നു. പദ്ധതി ചെലവ് വർധിച്ചപ്പോഴും ഇതിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നതെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴത്തെ നിരക്കിൽ പദ്ധതി നടപ്പാക്കണമെങ്കിൽ സംസ്ഥാന സർക്കാർ 1900 കോടി രൂപ കണ്ടെത്തണം. കിഫ്ബി വഴി പണം മുടക്കിയാൽ ഇത് കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ നിന്ന് ഒഴിവാക്കാൻ അനുമതി ലഭിക്കുമോ എന്നതും പ്രധാനമാണ്. 

ഈ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ ത്രികക്ഷി മാതൃകയിൽ പദ്ധതി നടപ്പാക്കാനാകുമോ എന്ന ശ്രമം ആരംഭിച്ചിരിക്കുന്നത്. കിഫ്ബിയാണ് പണം മുടക്കുന്നത് എന്നതിനാൽ ആർബിഐയുടെ പങ്കാളിത്തവും ആവശ്യമാണ്. കെ–റെയിലിനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. നേരത്ത അങ്കമാലി മുതൽ കോട്ടയം ജില്ലയിലെ രാമപുരം വരെയുള്ള 70 കി.മീ. സ്ഥലമേറ്റെടുക്കേണ്ട പ്രദേശത്ത് സർവെക്കല്ലുകൾ നാട്ടിയതു മൂലം നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഭൂമി വിട്ടുകൊടുത്തവർക്ക് റെയിൽവേ നഷ്ടപരിഹാരവും നൽകിയിട്ടില്ല. സർവെക്കല്ല് സ്ഥാപിച്ചവർക്ക് ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ പോലും സാധ്യമല്ലാത്ത സ്ഥിതിയുമുണ്ട്.

English Summary:

Kerala government making efforts to revive Angamali-Sabari railway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com