അമ്മയിൽ ചേരാൻ ‘അഡ്ജസ്റ്റ്മെന്റ്’; ഇടവേള ബാബുവിനെതിരെ എടുത്ത കേസിനു താൽക്കാലിക സ്റ്റേ
Mail This Article
കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തു വന്ന ആരോപണത്തിൽ അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ എടുത്ത കേസിനു താൽക്കാലിക സ്റ്റേ. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടക്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 18 വരെയാണ് ജസ്റ്റിസ് എ.ബദറുദീൻ സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹർജിയിൽ എതിർകക്ഷിയായ ജൂനിയർ നടിക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയർ നടിയുടെ പരാതി. അമ്മയിലെ അംഗത്വത്തിന് രണ്ടു ലക്ഷമാണ് ഫീസ് എന്നു പറഞ്ഞു.
എന്നാൽ അഡ്ജസ്റ്റ് ചെയ്താൽ രണ്ടു ലക്ഷം വേണ്ട, അംഗത്വവും കിട്ടും, കൂടുതൽ അവസരവും കിട്ടുമെന്ന് ഇടവേള ബാബു പറഞ്ഞെന്ന് നടി വെളിപ്പെടുത്തിയിരുന്നു. സംവിധായകൻ ഹരികുമാർ, നടൻ സുധീഷ് തുടങ്ങിയവർക്കെതിരെയും ജൂനിയർ നടി ആരോപണം ഉന്നയിച്ചിരുന്നു. താൻ ‘അഡ്ജസ്റ്റ്മെന്റി’നു തയാറാകാത്തതിനാൽ സിനിമയിൽ അവസരങ്ങൾ ഇല്ലാതായെന്നും അവർ വെളിപ്പെടുത്തിയിരുന്നു.